പൊതുമാപ്പ്: ആദ്യദിവസംതന്നെ അറുനൂറിലധികം ഇന്ത്യക്കാർ എംബസിയിലെത്തി
Thursday, March 30, 2017 5:49 AM IST
റിയാദ്: നിയമലംഘകരില്ലാത്ത രാജ്യം എന്ന മുദ്രാവാക്യവുമായി സൗദി അറേബ്യയിൽ ബുധനാഴ്ച മുതൽ 90 ദിവസം നീണ്ടുനിൽക്കുന്ന പൊതുമാപ്പ് നിലവിൽ വന്നു. ആദ്യ ദിവസം നിരവധി രാജ്യക്കാർ സൗദി അറേബ്യ വിടുന്നതിനായി വിവിധ പാസ്പോർട്ട് ഓഫീസുകളിലും അതത് എംബസികളിലുമെത്തി. ഇതിൽ അനേകം കുടുംബങ്ങളും ഉൾപ്പെടുന്നതായി അധികൃതർ പറഞ്ഞു.

ബുധനാഴ്ച അറുനൂറിലധികം ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിലെത്തി നാട്ടിൽ പോകുന്നതിനായി രജിസ്റ്റർ ചെയ്തു. ഇന്ത്യൻ എംബസിയിൽ ഇവരെ സഹായിക്കുന്നതിനായി അംബാസഡർ അഹമ്മദ് ജാവേദിന്‍റെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരുടേയും വോളന്‍റിയർമാരുടേയും പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിരുന്നു. മൂന്നു മാസക്കാലം ഈ പ്രത്യേക സൗകര്യങ്ങൾ തുടരുമെന്ന് അംബാസഡർ പറഞ്ഞു. പാസ്പോർട്ടില്ലാത്തവർക്ക് ഇന്ത്യൻ എംബസിയിൽ നിന്നും സൗജന്യമായി ഇസി അനുവദിച്ചു നൽകും. ജവാസാത്തിൽ നിന്നും എക്സിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് സ്വന്തം ചെലവിൽ നാട്ടിലേക്ക് പോകാവുന്നതാണ്. പിഴയോ കരിന്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള ശിക്ഷകളോ ഇവരുടെ മേൽ സ്വീകരിക്കുന്നതല്ലെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയെക്കൂടാതെ, യമൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ജൗജിപ്ത്, ബംഗ്ളാദേശ്, പാക്കിസ്ഥാൻ, കെനിയ, എത്യോപ്യ തുടങ്ങിയ എംബസികൾക്ക് മുൻപിലും ബുധനാഴ്ച നിയമലംഘകരും യാത്രാവിലക്കുള്ളവരുമായവരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ