വാഴക്കാട് വെൽഫെയർ സെന്‍റർ പതിനേഴാം വാർഷികം ആഘോഷിച്ചു
Monday, April 17, 2017 6:34 AM IST
ദമാം: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ നിർവഹിച്ച് കിഴക്കൻ പ്രവിശ്യയിലെ വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെൽഫെയർ സെന്‍റർ പതിനേഴാം വാർഷികം ആഘോഷിച്ചു.

ദമാമിൽ നടന്ന വാർഷിക സംഗമം ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പൊതുമാപ്പിനെ തുടർന്ന് പുതിയതായി നിലവിൽ വരുന്ന നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തിൽ വലിയ തോതിൽ ഒഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്പോഴും വിഷൻ 2030 പതിനായിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ സൗദിയിൽ സ്യഷ്ടിക്കപ്പെടുമെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. ലോക നിരവാരത്തിലുള്ള പദ്ധതികളുടെ നിർമാണം സൗദി അറേബ്യയിൽ പുരോഗമിക്കുന്നുണ്ട്. അതിനനുസരിച്ചുണ്ടാകുന്ന സാമൂഹിക മാറ്റങ്ങളും പുതിയ സാധ്യതകളും സാമൂഹിക സംഘടനകൾ പ്രാധാന്യപൂർവം പഠന വിധേയമാക്കുകയും ഈ സാധ്യതകൾ മുന്നിൽ കണ്ട് പുതിയ തലമുറയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സന്പ്രദായങ്ങളും രീതികളൂം ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന് അബ്ദുൽ ഹമീദ് കൂട്ടിചേർത്തു.

പ്രസിഡന്‍റ് ഇ.കെ. അബ്ദുൽ ജബാർ അധ്യക്ഷത വഹിച്ചു. മലിക് മക്ബൂൽ, അഷ്റഫ് ആലുവ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടി.കെ.കെ. ഹസൻ ഭരണ ഘടനാ ഭേദഗതി അവതരിപ്പിച്ചു. നിർധനരുടെ പെൻഷൻ വിതരണം, ഡയാലിസിസ് രോഗികൾക്കുള്ള മാസാന്ത സഹായം, പാലിയേറ്റീവ്, വിദ്യാഭ്യാസം, കിഡ്നി മാറ്റിവയ്ക്കൽ, ആംബുലൻസ്, വീട് നിർമാണം, കുടിവെള്ള വിതരണം, മറ്റ് രോഗികൾക്കുള്ള മാസാന്ത സഹായം തുടങ്ങിയ വിവിധ മേഖലകളിലെ റിലീഫ് പ്രവർത്തനങ്ങൾക്കായി പതിനേഴ് ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷം ചെലവഴിച്ചതായി ജനറൽ സെക്രട്ടറി നഫീർ തറമ്മൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചു. ടി.കെ. ഷബീർ സാന്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. മുജീബ് കളത്തിൽ, ടി.കെ. ഷബീർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.ടി. അഷ്റഫ് (പ്രസിഡന്‍റ്), ടി.കെ. ഷബീർ (ജനറൽ സെക്രട്ടറി), കെ. അസയിൻ (ട്രഷറർ), നഫീർ തറമ്മൽ (സീനിയർ വൈസ് പ്രസിഡന്‍റ്), യുകെ. നിജിൽ (ഓർഗനൈസിംഗ് സെക്രട്ടറി), ഇ.ബഷീർ (റിലീഫ് കോഓർഡിനേറ്റർ), ബി.കെ.കെ. കുഞ്ഞു മുഹമ്മദ്, പി.പി. മുഹമ്മദ്, കെ. മഹമൂദ് (വൈസ് പ്രസിഡന്‍റുമാർ), കെ.വി. അബ്ദുൽ ജബാർ, വി. മുഹമ്മദ് മുസ്തഫ, ടി.കെ. ഷിജിൽ (ജോയിന്‍റ് സെക്രട്ടറി), ഉമ്മർ കാളൂർ (സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവരെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി ടി.കെ.കെ. ഹസൻ, മുജീബ് കളത്തിൽ, പി.സി.എ. കരീം, ജാവിഷ് അഹ്മദ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം