അറേബ്യൻ ട്രാവൽ മാർക്കറ്റ് 24 മുതൽ
Wednesday, April 19, 2017 5:56 AM IST
ദുബായ്: മധ്യപൗരസ്ത്യ ദേശത്തെ ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബിസിനസ് മേഖലകളിലെ ഏറ്റവും വലിയ സമ്മേളനമായ അറേബ്യൻ ട്രാവൽ മാർക്കറ്റ് ഏപ്രിൽ 24, 25, 26 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും.

ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് സഹായിക്കുന്ന നിരവധി പരിപാടികളാണ് അറേബ്യൻ ട്രാവൽ മാർക്കറ്റുമായി ബന്ധപ്പെട്ട് നടക്കുക. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. നാലു ദിവസം നീണ്ടുനിൽക്കുന്ന ട്രാവൽമാർക്കറ്റിൽ 2600 സംരംഭകരും മുപ്പതിനായിരത്തോളം സന്ദർശകരും സംബന്ധിക്കും.

ട്രാവൽമാർക്കറ്റിന്‍റെ സ്വീകാര്യതയും ഉപഭോക്താക്കളിൽ നിന്നുള്ള വന്പിച്ച പ്രതികരണവും കണക്കിലെടുത്ത് ഈ വർഷവും പുതിയ ഒരു ഹാൾകൂടി പ്രദർശനത്തിന് സജ്ജമാക്കും. 150 ൽ അധികം രാജ്യങ്ങളിൽ നിന്നായി 65 ദേശീയ പവലിയനുകളും നൂറിലധികം പുതിയ സംരംഭകരും ഈ വർഷത്തെ പ്രദർശനത്തിന്‍റെ ഭാഗമാകും.

2020 ൽ ദുബായിൽ ആതിഥ്യമരുളാനിരിക്കുന്ന അഭിമാന പദ്ധതിയായ എക്സ്പോ 2020 ന് മുന്നോടിയായി 1,60,000 ഹോട്ടൽമുറികൾ സജ്ജീകരിക്കുക എന്നത് വലിയ ഒരു ദൗത്യമാണ്. എക്സ്പോയുടെ ഭാഗമായി ആറു മാസക്കാലം അന്പത് ലക്ഷത്തോളം ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. യുഎഇ മാത്രമല്ല ഗൾഫ് മേഖല പൊതുവിൽ തന്നെ ടൂറിസം മേഖലക്ക് വന്പിച്ച പ്രാധാന്യം കൽപ്പിക്കുന്ന സാഹചര്യത്തിൽ അറേബ്യൻ ട്രാവൽമാർക്കറ്റിന്‍റെ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് സീനിയർ എക്സിബിഷൻ ഡയറക്ടർ സൈമണ്‍ പ്രസ് അഭിപ്രായപ്പെട്ടു. ഭക്ഷണം, സംസ്കാരം, ഷോപ്പിംഗ്, പ്രകൃതി, സ്പോർട്സ്, തീം പാർക്കുകൾ, വെൽനെസ് സെന്‍ററുകൾ തുടങ്ങി വൈവിധ്യമേഖലകളിലെ അദ്ഭൂതപൂർവമായ വളർച്ചക്കും പുരോഗതിക്കുമാണ് ഈ മുന്നേറ്റം കാരണമാവുക.

അറേബ്യൻ ട്രാവൽമാർക്കറ്റ് ദുബായുടെ പുതിയ ടൂറിസം പദ്ധതികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം നിക്ഷേപാവസരങ്ങളുടെ വാതിലുകൾ തുറക്കുകയും ചെയ്യുമെന്ന് ദുബായ് കോർപറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിംഗ് സിഇഒ ഇസാം കാസിം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ എമിറേറ്റ്സ് എയർലൈൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് കൊമേർസ്യൽ ഓഫീസറുമായ തീരി അന്‍റിനോറി, എമ്മാർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സിഇഒ ഒലിവർ ഹാർണണിഷ്, ഡെസ്റ്റിനേഷൻ ഡയറക്ടർ അൻവർ അബൂമൊനാസർ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര