കരുളായി ഫെസ്റ്റ് 21 ന്
Wednesday, April 19, 2017 8:10 AM IST
ജിദ്ദ: ജിദ്ദയിലെ കരുളായി പഞ്ചായത്ത് സ്വദേശികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘം (കെപിഎസ്) എട്ടാം വാർഷികം ന്ധകരുളായി ഫെസ്റ്റ് 2017’ എന്ന പേരിൽ ഏപ്രിൽ 21 ന് (വെള്ളി) ആഘോഷിക്കുന്നു.

പലസ്തീൻ സ്ട്രീറ്റിലുള്ള ഇസ്തിറാ ദുർറയിൽ പകലും രാത്രിയുമായി നടക്കുന്ന പരിപാടിയിൽ കായിക കലാ മത്സരങ്ങളും അരങ്ങേറും.

ഉച്ചകഴിഞ്ഞ് മുതൽ രാത്രി ഏഴു വരെ ഫുട്ബോബോൾ ടൂർണമെന്‍റ്, വടംവലി, ഷട്ടിൽ മൽസരങ്ങൾ, കുട്ടികൾക്കായുള്ള വിവിധ കായിക മത്സരങ്ങൾ എന്നിവ നടക്കും. രാത്രി ഏഴു മുതൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപ്രകടനങ്ങളും നടക്കും. റിയാദിലേയും ജിദ്ദയിലേയും പ്രശസ്ത ഗായകർ ഒരുക്കുന്ന സംഗീത വിരുന്നും മെഗാ ബംബർ സമ്മാന നറുക്കെടുപ്പും ഗ്രാന്‍റ് പ്രൈസ് നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായിരിക്കും.

ജിദ്ദക്കു പുറമെ മക്ക, തായിഫ്, റാബക് എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. കുടുംബിനികളും കുട്ടികളുമടക്കം വൻ ജനാവലി പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്ന് ഭാരവാഹികളായ സി.പി മുഹമ്മദ്കുട്ടി, നാസർ കരുളായി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ