മലപ്പുറം തെരഞ്ഞെടുപ്പു ഫലം വർഗീയതയെ ചെറുക്കാൻ മതേതര കക്ഷികൾക്ക് കഴിയുമെന്ന് തെളിയിച്ചു: അബ്ദുറഹ്മാൻ രണ്ടത്താണി
Friday, April 21, 2017 7:45 AM IST
റിയാദ്: വർഗീയതയെ ചെറുക്കാൻ മതേതര കക്ഷികൾക്ക് കഴിയുമെന്ന് മലപ്പുറം തെരഞ്ഞെടുപ്പു ഫലം തെളിയിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. റിയാദ് കെ എംസിസി സെൻട്രൽ കമ്മിറ്റി ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനെതിരെയുള്ള മതേതര ബദലിന്‍റെ വിജയമാണിതെന്നും ദേശീയ തലത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഐക്യപ്പെടാൻ ഈ വിജയം മതേതര പ്രസ്ഥാനങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

റമാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെ എംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം.അക്ബർ, കെ എംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, സെക്രട്ടറി വി.കെ മുഹമ്മദ്, ഒഐസിസി ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, കീഴടത്തിൽ ഇബ്രാഹിം ഹാജി, യു.പി. മുസ്തഫ, റഷീദ് മണ്ണാർക്കാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.മൊയ്തീൻകോയ, ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ എന്നിവർ സംസാരിച്ചു. സന്തോഷ സൂചകമായി പായസ വിതരണവും നടത്തി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ