ഒസിവൈഎം മെഡിക്കൽ ക്യാന്പ്
Monday, April 24, 2017 8:17 AM IST
കുവൈത്ത്: അഹമ്മദി സെന്‍റ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനത്തിന്‍റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് (സ്വാന്തനം 2017) സംഘടിപ്പിച്ചു. മംഗഫിലെ ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിലായിരുന്നു ക്യാന്പ്.

രാവിലെ എട്ടിന് ആരംഭിച്ച ക്യാന്പിൽ നാല്പതോളം വരുന്ന ഡോക്ടർമാരുടേയും അന്പതിൽ പരം പാരാമെഡിക്കൽ ജീവനക്കാരുടേയും സേവനം ലഭ്യമായിരുന്നു. എഴുനൂറിൽ പരം ആളുകൾ ക്യാന്പിൽ പങ്കെടുത്തു.

ക്യാന്പിന്‍റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ആശുപത്രി സേവനങ്ങൾ ചെലവേറിയ ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ക്യാന്പുകൾ സംഘടിപ്പിക്കുന്നത് സമൂഹത്തിന് വളരെയധികം പ്രയോജന കരമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇടവക വികാരി ഫാ. അനിൽ വർഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മെഡിക്കൽ ക്യാന്പ് ജനറൽ കണ്‍വീനർ ജിജു മാത്യു, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. അഭയ് പട്വവരി, കമ്യൂണിറ്റി സർവീസ് സെക്രട്ടറി ഡോ. സയിദ് എം റഹമാൻ, ഇന്ത്യ ഇന്‍റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ മലയിൽ മൂസകോയ, ഇടവക ട്രസ്റ്റി ഐസക് മാത്യു, യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ജോഷി സൈമണ്‍ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ