സവ നാട്ടുകൂട്ടം 28ന്
Thursday, April 27, 2017 4:47 AM IST
ദമാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന മാനവീയ സംഗമം "സവ നാട്ടുകൂട്ടം’ ഏപ്രിൽ 28ന് (വെള്ളി) ദമാമിലെ ഉമ്മുൽ സൈഹിക്കിൽ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നടക്കുന്ന പരിപാടിയിൽ ജാതിയുടെയും മതത്തിന്‍റെയും കക്ഷിരാഷ്ട്രീയത്തിന്‍റെയും പേരിൽ മനുഷ്യർക്കിടയിൽ അകലം വർധിച്ചുവരുന്ന വർത്തമാന കാലഘട്ടത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ആളുകളെയും ഒന്നിപ്പിക്കുകയും നഷ്ടമായികൊണ്ടിരിക്കുന്ന സാംസ്കാരിക കൊടുക്കൽ വങ്ങലുകൾക്ക് വേദിയായിരുന്ന പൊതുഇടങ്ങൾ വീണ്ടെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായിട്ടാണ് സവയുടെ കുടുംബവേദി, വനിതാവേദി, ബാലവേദി, കലാവേദി എന്നിവ സംയുക്തമായി മാനവീയ സംഗമം സംഘടിപ്പിക്കുന്നത്. നാടൻ കളികളും കലയും പരിചയപ്പെടുത്തുന്നതോടൊപ്പം ആരോഗ്യ മേഖലയിലെ വിദഗ്ധർ നയിക്കുന്ന ഹൃദ്രോഗ പ്രഥമ ശുശ്രൂഷ പരിശീലനം, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ രാഷ്ട്രിയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം സവ കലാവേദി അണിയിച്ചൊരുക്കുന്ന ദേശീയോദ്ഗ്രഥന സന്ദേശം വിളിച്ചോതുന്ന കലാപരിപാടികൾ തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കുമെന്ന് സവ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ അറിയിച്ചു.