ഇഖാമ തൊഴിൽ നിയമലംഘകരെ കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികം
Thursday, May 18, 2017 6:49 AM IST
ദമ്മാം: ഇഖാമ തൊഴിൽ നിയമ ലംഘകരെ കുറിച്ച് വിവരം നൽകുന്നവർക്ക് അന്പതിനായിരം റിയാൽ പാരിതോഷികം നൽകുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം മേധാവിയുടെ ഉപദേശകൻ കേണൽ ജംആൻ അൽഗാംന്തി അറിയിച്ചു.

പൊതുമാപ്പ് ഒരു കാരണവശാലും നീട്ടി നൽകുകയില്ലെന്നും അദ്ദേഹം അറിയിച്ചു.പൊതുമാപ്പിനു ശേഷം വ്യാപകമായ പരിശോധന നടക്കുമെന്നും ജംആൻ അൽഗാംന്തി പറഞ്ഞു.

നിയമ ലംഘകർക്കും അവരുടെ വിവരങ്ങൾ മറച്ചുവയ്ക്കുന്നവർക്കും കഠിന ശിക്ഷ ലഭിക്കും.
അതേ സമയം കഴിഞ്ഞ ആറുമാസത്തിനിടെ 223187 നിയമലംഘകരെ നാടു കടത്തിയതായി സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. കരൽ,കടൽ, വ്യോമ മാർഗം വഴിയാണ് ഇത്രയും പേരെ നാടുകടത്തിയത്. എന്നാൽ പൊതുമാപ്പ് തുടങ്ങിയ ശേഷം ഒരുലക്ഷത്തോളം പേരെ നാടു കടത്തിയാതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം