സുമനുസുകൾ കൈകോർത്തു; ബഷീറിന്‍റെ കുടുംബം നാട്ടിലേക്ക് മടങ്ങി
Thursday, May 18, 2017 8:19 AM IST
ജിദ്ദ: ഒരു വർഷത്തിലേറെയായി ജിദ്ദയിൽ തടവു ശിക്ഷ അനുഭവിക്കുന്ന കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി ബഷീറിന്‍റെ ജിദ്ദയിലുള്ള കുടുംബം സുമനസ്സുകളുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. ബഷീറിന്‍റെ ഭാര്യ നസീറക്കും അഞ്ചു കുട്ടികൾക്കുമുള്ള വിമാന ടിക്കറ്റുകളും, എമർജൻസി സർട്ടിഫിക്കറ്റുകളും ബഷീർ സഹായസമിതി അംഗങ്ങൾ കൈമാറി. യാത്രയയപ്പ് ചടങ്ങിൽ ബഷീർ സഹായസമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

ജിദ്ദയിൽ മത്സ്യവിൽപന നടത്തി വരികയായിരുന്ന ബഷീർ തൊഴിൽ സംബന്ധമായി സ്പോണ്സറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഒരു വർഷം മുന്പ് ജയിലിലായത്. കച്ചവടം നഷ്ടത്തിലാണെന്ന് കാണിച്ചു എണ്‍പത്തിനാലായിരം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ കേസിൽ സ്പോണ്‍സർ അനുകൂല വിധി സന്പാദിക്കുകയായിരുന്നു. സ്പോണ്‍സർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരിക്കുകയും ബഷീറിന്‍റെ വരുമാന മാർഗങ്ങൾ മുടങ്ങുകയും ചെയ്തതോടെ ജയിൽവാസം അനന്തമായി നീളുകയായിരുന്നു.

പതിനാറുവർഷമായി നാട്ടിലേക്ക് പോകാത്ത ബഷീർ നാലുവർഷം മുന്പാണ് ഭാര്യയേയും മൂന്നു കുട്ടികളെയും സന്ദർശക വിസയിൽ സൗദിയിലേക്ക് കൊണ്ടുവന്നത്. ഒരു കുട്ടിക്ക് മാനസിക വൈകല്യമുണ്ട്. സൗദിയിൽ രണ്ടു കുട്ടികൾ കൂടി ജനിച്ചു. ഭാര്യയുടെയും അഞ്ച് കുട്ടികളുടെയും വിസാ കാലാവധി വർഷങ്ങൾക്ക് മുന്പേ അവസാനിച്ചിരുന്നു. സൗദി നിയമപ്രകാരം താമസ നിയമലംഘകരായ കുടുംബം ബഷീർ ജയിലിൽ ആയതോടെ കൂടുതൽ ദുരിതത്തിലായി.

ബഷീറിൻറെയും കുടുംബത്തിൻറെയും ദുരിതകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ജിദ്ദയിലെ സുമനസ്സുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. സന്നദ്ധ സംഘടനകളും, പൊതു പ്രവർത്തകരും, വ്യവസായികളും ചേർന്ന്! ബഷീർ സഹായ സമിതിക്ക് രൂപം നൽകി. അബ്ദുൽ ഹഖ് തിരൂരങ്ങാടി ചെയർമാനും, അബ്ദുറഹ്മാൻ വണ്ടൂർ ഫിനാൻസ് കോഡിനേറ്ററുമായ സമിതി ജിദ്ദയിലെ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഫണ്ട് സ്വരൂപിച്ചു. ഒരു രേഖയുമില്ലാതെ സൗദിയിൽ ജനിച്ച കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിന് ശേഷം ഇന്ത്യൻ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ശുമൈസിയിൽ നിന്നും ഫൈനൽ എക്സിറ്റ് ലഭിച്ചതിനു പിന്നാലെ നാട്ടിലേക്കുള്ള വിമാനടിക്കറ്റും സമിതി നൽകി. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള അത്യാവശ്യ സാധനങ്ങളും, നാട്ടിൽ അത്യാവശ്യ ജീവിത ചെലവിനുള്ള പണവും നൽകിയാണ് സന്നദ്ധ പ്രവർത്തകർ ബഷീറിന്‍റെ കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കിയത്. സഹായിച്ച എല്ലാവർക്കും ബഷീറും ഭാര്യ നസീറയും നന്ദി പറഞ്ഞു.

ശറഫിയ ഇംപാല ഗാർഡനിൽ നടന്ന ബഷീറിന്‍റെ കുടുംബത്തിനുള്ള യാത്രയയപ്പ് ചടങ്ങിൽ അബ്ദുൽ ഹഖ് തിരൂരങ്ങാടി, അബ്ദുറഹ്മാൻ വണ്ടൂർ എന്നിവർ വിമാന ടിക്കറ്റ് കൈമാറി. ഇസ്മായിൽ കല്ലായി, വി.പി ഷിയാസ്, അബ്ദുറഹീം, ഹംസ കൊട്ടൂക്കര, സിദ്ധീഖ്, ഇസ്മായിൽ താഹ, അബ്ദുൽ മജീദ് നഹ, ശരീഫ് അറയ്ക്കൽ എന്നിവർ എമർജൻസി സർട്ടിഫിക്കറ്റുകൾ കൈമാറി. വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവർത്തകരും സംബന്ധിച്ചു.

റിപ്പോർട്ട്: മുസത്ഫ കെ.ടി