പ്രവാസി മാധ്യമ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ പ്രശംസനീയം : ഉമ്മൻചാണ്ടി
Monday, May 22, 2017 8:19 AM IST
ദമാം : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അധിക്യതരുടേയും സംഘടനകളുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പ്രവാസി മാധ്യമ പ്രവർത്തകർ നിർവഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ദമാം മീഡിയ ഫോറത്തിന്‍റെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു പൊതുസമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി വിഷയങ്ങൾ മാധ്യമങ്ങൾ ഉയർത്തി കാണിക്കുന്പോൾ കേന്ദ്രസംസ്ഥാന സർക്കാറുകൾ പൂർണ്ണ മനസ്സോടെ സ്വീകരിച്ച് നടപടികൾ കൈകൊള്ളാൻ തയ്യാറകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്കാരോട് സൗദി ഭരണകൂടം കാണിക്കുന്ന താൽപര്യം വളരെ വലുതാണെന്ന് റിയാദിലെ ഡിപ്പോർട്ടേഷൻ സെന്‍റർ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടു. ഇന്ത്യക്കാർക്ക് മാത്രമായി പ്രത്യേകം സെൽ തന്നെ അവിടെ ക്രമീകരിക്കുകയും നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അവിടെയുള്ള ഉദ്യോഗസ്ഥർ ഇന്ത്യക്കാരോട് കാണിക്കുന്ന പ്രത്യേക താൽപര്യം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ദമാം മീഡിയ ഫോറത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാധ്യമ സംഘടനകൾക്ക് മാത്യകാപരമാണ്. മറ്റുള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം മേഖലകളിൽ കൂടുതൽ തിളക്കത്തോടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ ദമാം മീഡിയ ഫോറത്തിന് സാധിക്കട്ടെയെന്ന് ഉമ്മൻചാണ്ടി ആശംസിച്ചു. ദമാം മീഡിയ ഫോറത്തിന്‍റെ ഓഫീസ് സജീകരിക്കുന്നതിന് സഹകരണം നൽകിയ ബദർ അൽ റാബി മെഡിക്കൽ സെന്‍റർ എം.ഡി അഹ്മദ് പുളിക്കലിന് മീഡിയ ഫോറത്തിന്‍റെ ഉപഹാരം ഉമ്മൻ ചാണ്ടി സമ്മാനിച്ചു. മീഡിയ ഫോറം പ്രസിഡന്‍റ് ഹബീബ് ഏലംകുളം അധ്യക്ഷനായിരുന്നു.

മുൻ പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫ് ആശംസകൾ നേർന്നു. വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അറിവുകളും മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്ന വിഷയങ്ങളും സർക്കാരുകൾ നിരസിക്കുന്നത് ജനാധിപത്യ സർക്കാറുകൾക്ക് ചേർന്നതല്ലെന്ന് കെ.സി ജോസഫ് പറഞ്ഞു. താൻ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയത വേളയിൽ ഇവിടെയുള്ള മാധ്യമ പ്രവർത്തകർ നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും പ്രയോജനം ചെയ്തിരുന്നതായി കെ.സി.ജോസഫ് പറഞ്ഞു. ദമാമിലെ മാധ്യമ പ്രവർത്തകരായ ഹബീബ് ഏലംകുളം, അനിൽ കുറിച്ചിമുട്ടം, അഷ്റഫ് ആളത്ത്, സാജിദ് ആറാട്ടുപുഴ, പി.ടി. അലവി, മുജീബ് കളത്തിൽ, അർഷദ് വാണിയന്പലം, ചെറിയാൻ കിടങ്ങന്നൂർ എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. സാന്ദ്ര ഡിക്സണ്‍ ദേശഭക്തിഗാനം ആലപിച്ചു. സാജിദ് ആറാട്ടുപുഴ അവതാരകനായിരുന്നു. മീഡിയ ഫോറം ജനറൽ സെക്രട്ടറി അനിൽ കുറിച്ചിമുട്ടം സ്വാഗതവും ട്രഷറർ അഷ്റഫ് ആളത്ത് നന്ദിയും പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹിക സംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം