മസ്കറ്റ് മലയാളീസ് ’നാരീയം 2017’
Monday, May 22, 2017 8:22 AM IST
മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഓണ്‍ലൈൻ മലയാളി കൂട്ടായ്മയായ മസ്കറ്റ് മലയാളീസിന്‍റെ ഏഴാമത് വാർഷികത്തോടനുബന്ധിച്ച് ’നാരീയം 2017’ എന്ന സ്ത്രീകൾ മാത്രം അവതരിപ്പിച്ച സ്ത്രീകളാൽ സംഘടിപ്പിക്കപ്പെട്ട ഗ്രാന്‍റ് ഷോ സംഘടിപ്പിച്ചു.

മസ്കറ്റിലെ റൂവി അൽഫലാജ് ഹോട്ടലിലെ ഗ്രാന്‍റ് ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ധേയുടെ പത്നി സുഷമ പാണ്ധേ ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗിരിജാ ബക്കർ, മസ്കറ്റിലെ രണ്ട് പ്രമുഖ മലയാളി സംഘടനകളുടെ വനിതാ വിഭാഗം പ്രതിനിധികളായ സിന്ധു സുരേഷ്, അശ്വതി, മസ്കറ്റ് മലയാളീസ് പ്രതിനിധികളായ രേഖാ പ്രേം, ചിത്രാ രാകേഷ്, അനു മോനാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടന വേദിയിൽ വ്യത്യസ്ത മേഖലയിൽ കഴിവുതെളിയിച്ച അഞ്ച് നാരീരത്നങ്ങളെ സുഷമ പാണ്ധേ ഉപഹാരങ്ങൾ നൽകി ആദരിക്കുകയുണ്ടായി.

ഒമാനിലെ കായിക മന്ത്രാലയത്തിനു കീഴിൽ നിന്നും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള വിഭാഗത്തെ പ്രതിനിധീകരിച്ച് സ്പെഷൽ ഒളിന്പിക്സിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റയാ ഹുമൈദ് അൽ ഹസാനി, ശഹ്ത മുബാറക്ക് അൽ ഹസാനി, സ്പോർട്സ് കൗണ്‍സിൽ പ്രതിനിധി, പ്രസിദ്ധ ഗായിക വൈക്കം വിജയലക്ഷ്മി, മസ്കറ്റിലെ പ്രവാസിയായ കാൻസർ രോഗത്തെ തന്‍റെ കലയിലൂടെ പൊരുതി ജീവിക്കുന്ന കഥക് കലാകാരി ജുംബാ ചക്രവർത്തി, ഭാരതത്തിൽ നടന്ന അന്താരാഷ്ട്ര യോഗാദിനത്തിൽ ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രമുഖ യോഗ ട്രെയിനർ മധുമതി നന്ദകിഷോർ എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്. ഒമാൻ കായിക മന്ത്രാലയത്തിലെ പ്രത്യേക പരിഗണന ഒളിന്പിക്സ് വിഭാഗത്തിന്‍റെ മേധാവി ഡാലിയ മൊഹമ്മദ് അൽ ബസാമിയെ ഗ്ലോബൽ ഗ്രൂപ്പ് നാരീയം വേദിയിൽ ഉപഹാരം നൽകി ആദരിച്ചു.

വൈക്കം വിജയലക്ഷ്മിയുടെ ഗാനങ്ങളും അവർക്ക് ലോക റിക്കോർഡ് നേടിയ ’ഗായത്രി വീണ’ യുടെ അവതരണവും കൂടാതെ വിജയലക്ഷ്മിയുടെ തനതായ ശൈലിയിലുള്ള മിമിക്രി അവതരണവും നവ്യാനുഭവമായി. പ്രസീത ചാലക്കുടിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള നാടൻ പാട്ടിന്‍റെ അവതരണം സദസ്സിനെ ഇളക്കി മറിച്ചു. പ്രീതാ കണ്ണന്‍റെ ഗാനങ്ങളും രൂപാ രേവതിയുടെ മാസ്മികമായ വയലിൽ അവതരണവും ആറിലധികം വാദ്യോപകരണങ്ങൾ ഒരേ വേദിയിൽ കൈകാര്യം ചെയ്ത സൗമ്യ ,ഗിത്താറിൽ വിസ്മയം തീർക്കുന്ന മെലിഷ്മ, വീണ കന്പികളിൽ അത്ഭുതം തീർത്ത മസ്കറ്റ് മലയാളീസ് അംഗം ധന്യ എന്നിവർ ചേർന്ന് ഗാനാസ്വാദകരെ അവരുടെ അസ്വാദനത്തിന്‍റെ മൂർത്തന്യാവസ്ഥയിലെത്തിച്ചു.

ബിന്ദു പ്രദീപിന്‍റെ നേതൃത്വത്തിലുള്ള ഡാൻസ് ടീം മികച്ച നിലവാരം പുലർത്തി. ചലച്ചിത്ര താരങ്ങളായ സോനാ നായർ, ശ്രീലക്ഷ്മി എന്നിവരുടെ സാന്നിധ്യവും പുഞ്ചിരിയുടെ പ്രകടനം മികവുറ്റതായി.അർദ്ധ നാരീപുരാണം, നവരസാവതരണം, ’കളിമണ്ണ്’ ഗാനരംഗത്തിന്‍റെ ദൃശ്യാവിഷ്കാരം എന്നിവ സദസിന്‍റെ പ്രശസ പിടിച്ചുപറ്റി.

വേദിയിൽ എല്ലാ കലാകാരികളും മസ്കറ്റ് മലയാളീസ് നാരികളും ചേർന്ന് അവതരിപ്പിച്ച ഫ്യുഷനോടു കൂടി നാരീയത്തിനു തിരശ്ശീല വീണു. ഒമാനിലുള്ള എല്ലാ മേഖലയിലെയും സംഘടനകളിലേയും സ്തീകളെ ഒത്തൊരുമിച്ച് ആദ്യമായിട്ടാണ് മസ്കറ്റ് മലയാളീസ് ഇത്രയും വലിയൊരു ഗ്രാൻഡ് ഷോ ഒരുക്കിയതതെന്നു ഗ്രൂപ്പ് സ്ഥാപകൻ രാകേഷ് വായ്പൂര് അറിയിച്ചു.