സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏറെ സുരക്ഷിതർ: ഉമ്മൻ ചാണ്ടി
Monday, May 22, 2017 8:26 AM IST
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സ്ഥിതി ഏറെ സുരക്ഷിതമാണെന്നും ഇപ്പോഴും വിദേശികൾക്ക് വളരെയധികം ജോലി സാധ്യതയുള്ള സൗദിയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ഇനിയും വർഷങ്ങളോളം പിടിച്ചു നില്ക്കാൻ സാധിക്കുമെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. സൗദി ഗവണ്മെന്‍റ് പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ സേവനം പരമാവധി ഇന്ത്യക്കാർക്ക് പ്രയോജനപെടുത്തുന്നതിനു വേണ്ടി ഇന്ത്യക്കാർക്ക് മാത്രമായി പ്രത്യക കേന്ദ്രം തുറക്കുവാൻ സൗദി ഗവണ്‍മെന്‍റ് തയ്യാറായത് അഭിനന്ദനാർഹമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ പ്രവാസ ലോകത്ത് നിയമ ലംഘകരായി മാറിയ ആയിരകണക്കിന് പ്രവാസികൾക്ക് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. എല്ലാവരും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ഒരു മതനിരപേക്ഷ സഖ്യത്തിനുള്ള ശ്രമത്തിലാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്. കഴിയാവുന്ന എല്ലാ മതേതര കക്ഷികളെയും ഒരുമിച്ചു നിർത്തി 2019 ലെ തിരഞ്ഞടുപ്പിൽ കോണ്‍ഗ്രസിന് തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയിൽ ത്രിദിന സന്ദർശനത്തിനായി എത്തിയ അദ്ദേഹം ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ഒരുക്കിയ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയിരുന്നു.

ഒഐസിസി സെൻട്രൽ കമ്മറ്റി റിയാദിൽ നടത്തുന്ന സേവനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ പ്രവാസികാര്യ മന്ത്രിയും എം.എൽ.എയുമായ കെ.സി. ജോസഫ് പറഞ്ഞു. ഒഐസിസി പ്രവാസ ലോകത്തു മാത്രമല്ല നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഒരു അഭിവാജ്യ ഘടകമാണ് ഒഐസിസിയെന്നു അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് കുഞ്ഞി കുന്പള അദ്ധ്യക്ഷത വഹിച്ചു. സജി കായംകുളം ആമുഖ പ്രസംഗം നടത്തി.
||
സെൻട്രൽ കമ്മറ്റി ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, കെ.എം.സി.സി. ജന. സെക്രട്ടറി മൊയ്തീൻ കോയ എന്നിവർ ആശംസ പ്രസംഗം നടത്തി. മുഖ്യാതിഥിക്കുള്ള സെൻട്രൽ ഉപഹാരം ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉമ്മൻ ചാണ്ടിക്ക് നൽകി. കെ.സി.ജോസഫ് എം.എൽ.എക്കുള്ള ഉപഹാരം സെൻട്രൽ കമ്മറ്റി ട്രഷറർ നവാസ് വെള്ളിമാടുകുന്ന് നൽകി. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി റിയാദിലെ പ്രവാസികൾക്കായി നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയായ സുരക്ഷയും കരുതലും പദ്ധതിയുടെ ഒൗപചാരികമായ ഉദ്ഘാടനം ഉമ്മൻചണ്ടി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് രഘുനാഥ് പറശ്ശിനിക്കടവിന് കൂപ്പണ്‍ നൽകി ആദരിച്ചു. സെൻട്രൽ കമ്മറ്റി ജീവകാരുണ്യ കണ്‍വീനർ സജ്ജാദ് ഖാൻ, മുഹമ്മദലി കൂടാളി, അബ്ദുൽ അസീസ് കോഴിക്കോട് എന്നിവർ ഉമ്മൻചാണ്ടിയെ ഷാളണിയിച്ചു.

നാഷണൽ കമ്മറ്റി പ്രസിഡണ്ട് പി.എം. നജീബ്, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, നാഷണൽ കമ്മറ്റി ഭാരവാഹികളായ ഇസ്മായിൽ എരുമേലി, ഷാജി സോണ, ജലാൽ മൈനാഗപ്പള്ളി, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, പ്രമോദ് പൂപ്പാല, ഷാനവാസ് മുനന്പത് , ഷഫീഖ് കിനാലൂർ, ബാസ്റ്റിൻ ജോർജ്, സമീർ ചാരമൂട്, സാമുവൽ റാന്നി, ഗ്ലോബൽ കമ്മറ്റി അംഗങ്ങളായ നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുകാട് , അസ്കർ കണ്ണൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുസ്തഫ പാണ്ടിക്കാടിന്‍റെയും ജോർജു കുട്ടിയുടെയും നേത്രത്വത്തിലുള്ള സേവാദൾ വളണ്ടീയർമാരെ ഉമ്മൻ ചാണ്ടി പ്രത്യേകം പ്രശംസിച്ചു. വിവിധ ജില്ലാ കമ്മറ്റികളുടെ പ്രസിഡന്‍റുമാരായ സജീർ പൂന്തുറ, ബാലു കുട്ടൻ, സുഗതൻ നൂറനാട്, സലാം ഇടുക്കി, കെ.കെ. തോമസ്, ജമാൽ ചോറ്റി, ശുകൂർ ആലുവ, ബെന്നി വാടാനപ്പള്ളി, ഫൈസൽ പാലക്കാട്, ജിഫിൻ അരീക്കോട്, മോഹൻദാസ് വടകര, ഹാഷിം കണ്ണൂർ, ഉമ്മർ കാസർഗോഡ്, എൻ.ആർ.കെ. ചെയർമാൻ അഷറഫ് വടക്കേവിള തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ ഷാൾ അണിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ