സൗദിയിലെ വിദേശികളായ ആശ്രിതരുടെമേൽ ലെവി ഏർപ്പെടുത്തുന്നത് നീട്ടിവച്ചിട്ടില്ലന്ന് ധനമന്ത്രി
Monday, May 22, 2017 8:30 AM IST
ദമ്മാം: സൗദിയിലെ വിദേശികളായ ആശ്രിതരുടമേൽ ഈ വർഷം ജൂലൈ മുതൽ ലെവി ഏർപ്പെടുത്താൻ പോകുന്നത് നീട്ടി വച്ചിട്ടില്ലന്ന് ധനമന്ത്രി മുഹമ്മദ് അൽ ജുദ്ആൻ വ്യക്തമാക്കി. 2017 മുതൽ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാൽ ലെവി ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷം അവസാനത്തിലാണ് പ്രഖ്യാപിച്ചത്.

ലെവി സംഖ്യ 2018 ജൂലായ് മുതൽ ഓരോരുത്തർക്കും 200 റിയാലും 2019 മുതൽ 300 റിയാലും 2020 ൽ 400 റിയാലായും ഉയർത്തും. ചില രാജ്യക്കാരായ വിദേശികളുടെ ആശ്രതർക്ക് ലെവി ഒഴിവാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഇത് ഏതെല്ലാം രാജ്യക്കാരാണെന്ന് പിന്നീട് വ്യക്തമാക്കും.
2018 ജൂലായ് മുതൽ സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേൽ 400 റിയാലും വിദേശികളെക്കാൾ കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേൽ മാസം തോറും 300 റിയാലും ലെവി ഏർപ്പെടുത്തും.

2019 ജനുവരി മുതൽ സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേൽ മാസം തോറും 600 റിയാലും സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേൽ 500 റിയാലും ലെവി ഏർപ്പെടുത്തും.

അനിൽ കുറിച്ചിമുട്ടം