മലബാറിന്‍റെ ദൃശ്യചാരുത പകർന്ന് ’പുള്ളോർക്കുടം’ അരങ്ങേറി
Monday, May 22, 2017 8:31 AM IST
അബുദാബി: പുള്ളുവൻ പാട്ടും, പൊട്ടൻ തെയ്യവും , വെളിച്ചപ്പാടും മലബാറിന്‍റെ ഗ്രാമീണ ദൃശ്യങ്ങളും ഇഴ ചേർത്ത് പയ്യന്നൂർ പെരുമ അവതരിപ്പിച്ച ’പുള്ളോർക്കുടം’ ശ്രദ്ധേയമായി.

അബുദാബി മലയാളി സമാജത്തിൽ കല അബുദാബിയുടെ ’കേരളീയം 2017’ പരിപാടിയിലാണ് പുള്ളോർക്കുടം അരങ്ങേറിയത്. ലളിതമായ രംഗ സജ്ജീകരണങ്ങളിലൂടെയും പയ്യന്നൂരിന്‍റെ വീഡിയോ ദൃശ്യങ്ങളിലൂടെയും കാണികളെ പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് രംഗത്ത് പുള്ളുവൻ പാട്ട് ഒരുക്കിയത്. പുള്ളുവൻ പാട്ടിന്‍റെ ശ്രവ്യ സുഖത്തിനൊപ്പം പൊട്ടൻ തെയ്യവും വെളിച്ചപ്പാടും നാഗത്തറകളും ഒരുക്കി കാണികളെ രസിപ്പിക്കാൻ പുള്ളോർക്കുടത്തിന്‍റെ സംവിധായകനായ വിനോദ് മണിയറക്ക് കഴിഞ്ഞു.

കല യുവജനോത്സവത്തിലെ കലാതിലമായ സുകൃതി ബാബുവിന് ചടങ്ങിൽ സിനിമാ സംവിധായകൻ തുളസീദാസ് ട്രോഫി സമ്മാനിച്ചു. പ്രസിഡന്‍റ് അമർ സിംഗ് അദ്ധ്യക്ഷത വഹിച്ചു. യുഎഇ എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നന്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി ബെന്നി ജോണ്‍ വിവിധ പ്രായത്തിലെ വ്യക്തിഗത ജേതാക്കൾക്ക് ട്രോഫികൾ നൽകി. മലയാളി സമാജം പ്രസിഡന്‍റ് വക്കം ജയലാൽ, സെക്രട്ടറി എം.എം.അൻസാർ, ബി.യേശുശീലൻ, സലിം ചിറക്കൽ, അഷ്റഫ് പട്ടാന്പി എന്നിവർ സംസാരിച്ചു. കല ഭാരവാഹികളായ മെഹബൂബ് അലി, പ്രശാന്ത്.പി.വി, ടോമിച്ചൻ, സുരേഖ സുരേഷ്, അനിൽ നായർ, ഗോപൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള