ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ മലയാളികൾക്ക് ആശ്വാസമായി വിനയന്‍റെ അപ്രതീക്ഷിതസന്ദർശനം!
Tuesday, May 23, 2017 6:36 AM IST
ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ അതിഥിയായി സൗദി സന്ദർശനത്തിനെത്തിയ മലയാള സിനിമ സംവിധായകൻ വിനയൻ, ദമ്മാം വനിത അഭയകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷാജി മതിലകം, കേന്ദ്രകമ്മിറ്റിഅംഗം പത്മനാഭൻ മണിക്കുട്ടൻ, ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ എന്നിവർ വിനയനെ അനുഗമിച്ചു.

സൗദി സർക്കാരിന്‍റെ കീഴിൽ, വിവിധ തൊഴിൽ, വിസ കേസുകളിൽപ്പെട്ടു നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ കഴിയുന്ന വിദേശ വനിതകളെ പാർപ്പിച്ചിരിയ്ക്കുന്ന അഭയകേന്ദ്രമാണ് വനിതാ അഭയകേന്ദ്രം. ഇന്ത്യക്കാരികളടക്കം വിവിധ രാജ്യക്കാരായ നിരവധി വനിതകൾ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു. വനിത തർഹീലിൽ ഇപ്പോൾ അന്തേവാസികളായ ഇന്ത്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്ത വിനയൻ അവരെ ആശ്വസിപ്പിയ്ക്കുകയും ചെയ്തു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസിയുടെയും, തർഹീൽ അധികൃതരുടെയും സഹായത്തോടെ വനിതാ തർഹീലിലെ നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രശംസിച്ച വിനയൻ, രണ്ടു മണിക്കൂറോളം അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം