രാജ്യത്തെ ആദ്യ മൊബൈൽ എടിഎമ്മുമായി യുഎഇ എക്സ്ചേഞ്ച്
Wednesday, May 24, 2017 7:23 AM IST
ദുബായ്: ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് താമസസ്ഥലത്ത് ധനവിനിമയ സേവനങ്ങളെത്തിക്കാൻ യുഎഇ എക്സ്ചേഞ്ച് രംഗത്ത്. ബ്രാൻഡിന്‍റെ ശന്പള സംരക്ഷണ സംവിധാനമായ ’സ്മാർട്ട് പേ’യുടെ 11ാം വാർഷികത്തിലാണ് കന്പനി മൊബൈൽ സേവന സംരംഭം പ്രഖ്യാപിക്കുന്നത്. ദുബായ് ലേ മെറിയഡിനിൽ നടന്ന പരിപാടിയിൽ യുഎഇ എക്സ്ചേഞ്ച് നേതൃസംഘം മൊബൈൽ എക്സ്ചേഞ്ച് അവതരിപ്പിച്ചു. യുഎഇയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന ലേബർ ക്യാന്പ് പ്രദേശങ്ങൾ ഉൾപ്പടെ ദുബായ് എമിറേറ്റിൽ മൊബൈൽ എക്സ്ചേഞ്ച് സഞ്ചരിക്കും. മൊബൈൽ എക്സ്ചേഞ്ച് സന്ദർശന സമയത്ത് ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ശന്പളം പിൻവലിക്കാനും പണമയക്കാനും സാധിക്കും.

യുഎഇ എക്സ്ചേഞ്ച് എല്ലാ കാലത്തും സാങ്കേതിക വിദ്യക്ക് അനുസൃതവും ഉപഭോക്തൃ കേന്ദ്രീകൃതവുമാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പ്രമോദ് മങ്ങാട്ട് പുതിയ സംരംഭത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ട്രാൻസാക്ഷനും ഇതോടൊപ്പം നടത്തി.

ദൂരെ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾ സാന്പത്തിക ഇടപാടുകൾക്ക് പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചതിനാലാണ് മൊബൈൽ എക്സ്ചേഞ്ച് തുടങ്ങാൻ തീരുമാനിച്ചതെന്നും ഇതിനായി സഹകരിച്ച യുഎഇ അധികാരികളോടും മാസ്റ്റർ കാർഡിനോടും അഭ്യുദയകാംക്ഷികളോടും അദ്ദേഹം നന്ദി അറിയിച്ചു.

2006ൽ സ്മാർട്ട് പേ കാർഡിലൂടെ വിപ്ലവകരമായ ചുവടുവയ്പ്പാണ് യുഎഇ എക്സ്ചേഞ്ച് നടത്തിയത്. ചെറിയ വേതന തൊഴിലാളികൾക്ക് അവരുടെ ശന്പളം കൃത്യമായി ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 2009 തിൽ യുഎഇ തൊഴിൽ മന്ത്രാലയവുമായി കൈകോർത്ത് പുതിയ വേതന സംരക്ഷണ സംവിധാനത്തെ കുറിച്ച് (ഡബ്ല്യുപിഎസ്) ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.


റിപ്പോർട്ട്: അനിൽ സി. ഇടിക്കുള