’എന്‍റെ മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, May 24, 2017 7:28 AM IST
റിയാദ്: സംസ്ഥാന സർക്കാരിന്‍റെ മലയാളം മിഷൻ- സാക്ഷരത മിഷൻ എന്നിവയുടെ സഹകരണത്തോടെ കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ’എന്‍റെ മലയാളം’ സാക്ഷരത പദ്ധതി പ്രശസ്ത കവിയും, സാംസ്കാരിക പ്രവർത്തകനുമായ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി കുട്ടികൾക്ക് മലയാള ഭാഷ പരിചയപ്പെടുത്തുന്നതിനായി നടന്നുവരുന്ന കേളി മധുരം മലയാളം പദ്ധതിക്കു പുറമെയാണ് പ്രവാസി മലയാളികൾക്കായി ’എന്‍റെ മലയാളം’ പദ്ധതിക്ക് കേളി തുടക്കം കുറിച്ചിരിക്കുന്നത്.

കേവലം അക്ഷര സാക്ഷരതക്കുപരിയായി ആരോഗ്യം നിയമം, സാന്പത്തികം, പരിസ്ഥിതി, മാലിന്യ നിർമ്മാർജ്ജനം, ദുരന്ത നിവാരണം, സമ്മതിദാനം എന്നീ മേഖലകളിലെല്ലാം പ്രവാസികൾക്ക് സന്പൂർണ്ണ സാക്ഷരത കൈവരിക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം എന്‍റെ മലയാളം സാക്ഷരത പദ്ധതി പ്രാധാന്യം നൽകേണ്ടതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സച്ചിദാനന്ദൻ പറഞ്ഞു.

വെള്ളിയാഴ്ച്ച അൽഹയർ അൽഒവൈദ ഓഡിറേറാറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിററി അംഗം പ്രിയ വിനോദ് അധ്യക്ഷയായി. കുടുംബവേദി സുലൈ യുണിറ്റ് പ്രസിഡന്‍റും കേന്ദ്ര കമ്മിററി അംഗവുമായ സീബ അനിരുദ്ധൻ എന്‍റെ മലയാളം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും വിശദീകരിച്ചു. നബീല കാഹിം, ചിത്ര സതീഷ് എന്നിവർ സംസാരിച്ചു. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാൻ സ്വാഗതവും കേന്ദ്ര കമ്മിററി അംഗം ഷൈനി അനിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരി കെആർ ഉണ്ണികൃഷ്ണൻ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമൻ മയ്യിൽ, കുടുംബവേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.