മാനമയിൽ സമസ്തയുടെ ഇഫ്താർ സംഗമം
Monday, May 29, 2017 7:35 AM IST
മനാമ: സമസ്ത ബഹറിൻ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്ന മനാമയിലെ പ്രതിദിന ഇഫ്താർ സംഗമങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.

തലസ്ഥാന നഗരിയിൽ ഇഫ്താർ ടെന്‍റ് രൂപത്തിൽ മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആശ്വാസമായി ഇഫ്താർ സംഗമം റമസാൻ 30 ദിവസവും തുടരും. ആത്മീയാനുഭൂതി പകരുന്ന ഉദ്ബോധന പ്രഭാഷണവും തുടർന്നുള്ള സമൂഹ പ്രാർഥനകളും സമസ്തയുടെ ഇഫ്താറിന്‍റെ സവിശേഷതയാണ്. കൂടാതെ, പ്രാർത്ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇഫ്താർ സമയത്തുള്ള സമൂഹ പ്രാർഥനക്കും പ്രഭാഷണങ്ങൾക്കും പ്രസിഡന്‍റ് സയിദ് ഫക്റുദീൻ തങ്ങൾ നേതൃത്വം നൽകും.

സമസ്ത പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ, സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ട്രഷറർ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്റസാ അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രതിദിനം ഇഫ്താർ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കൂടാതെ ഇഫ്താറിനോടനുബന്ധിച്ച് വിഭവങ്ങൾ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു വോളന്‍റിയർ ടീമും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

എല്ലാദിവസവും നോന്പു തുറക്കു ശേഷം മഗ്രിബ് നമസ്കാരത്തിനുള്ള സൗകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം രാത്രി 8.30ന് സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾ നേതൃത്വം നൽകുന്ന സമൂഹ തറാവീഹ് നിസ്കാരവും ഒരുക്കിയിട്ടുണ്ട്. പ്രതിദിന ഇഫ്താർ സംഗമങ്ങൾക്കു പുറമെ എല്ലാ വ്യാഴാഴ്ച രാത്രിയിലും സ്വലാത്ത് മജ് ലിസ്, മത പഠന ക്ലാസുകൾ, വിവിധ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നിവയും നടന്നു വരുന്നു.