വാഹനാപകടത്തിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു
Friday, July 14, 2017 6:23 AM IST
റിയാദ്: വാഹനാപകടത്തിൽ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഹഫർ അൽബാത്വിൻ ദമ്മാം റോഡിൽ നാരിയക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് കാറും വാട്ടർ ടാങ്കറും കൂട്ടിയിടിച്ച അപകടത്തിൽ മലപ്പുറം വാണിയന്പലം കൂരാട് സ്വദേശി എറിയാട്ട് കുഴിയിൽ വീട്ടിൽ മൻസൂറാണ് (32) തൽക്ഷണം മരിച്ചത്. വാട്ടർടാങ്കർ ്രെഡെവറായ പഞ്ചാബ് സ്വദേശിയും മരിച്ചു. എൻജി കന്പനിയുടെ സൗദിയിലെ വിതരണക്കാരായ അൽഹസൻ ആൻഡ് ഹുസൈന് ജി. ഷാക്കിർ കന്പനി ഹഫർ അല്ബാത്വിൻ ശാഖയിൽ സെയിൽസ് എക്സിക്യുട്ടീവായ മൻസൂർ കന്പനി യോഗത്തിൽ പങ്കെടുക്കാൻ് ദമ്മാമിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. ഹഫർ അൽബാത്തിനിൽ് നിന്ന് 300 കിലോമീറ്റർ അകലെ നാരിയ പട്ടണത്തിന് സമീപം ടാങ്കർ ലോറിയും മൻസൂറിന്‍റെ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറിയ ടാങ്കർ മണലിലേക്ക് ഓടിക്കയറി മറിഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൻസൂറിന്‍റെ തലക്കും മുഖത്തിനുമേറ്റ ഗുരുതര പരുക്കാണ് മരണത്തിനിടയാക്കിയത്. നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാരിയ പട്ടണത്തിലെ മഖ്ബറയിൽ ഖബറടക്കാനുള്ള ഒരുക്കങ്ങൽ നടക്കുന്നു.

ഏഴുവർഷമായി സൗദിയിലുള്ള മൻസൂർ മൂന്നുവർഷമായി ഭാര്യ ഹജിഷയും മക്കളായ ഹവ്വയും നൂഹും അടങ്ങുന്ന കുടുംബത്തോടൊപ്പം ഹഫർ അല്ബാത്തിനിൽ താമസിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ് താഇഫിലുള്ള ഭാര്യ പിതാവ് ഇസ്മാഈലും റിയാദിലുള്ള മാതൃസഹോദരി പുത്രി സുനീബയും ഭർത്താവ് അബ്ദുറസാഖും നാരിയയിലെത്തിയിട്ടുണ്ട്. ഷൗക്കത്തലിയാണ് പിതാവ്. മാതാവ്: ആഫിയ. സുബൈര് (ദുബൈ), സജ്ന എന്നിവർ സഹോദരങ്ങളാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ മൻസൂർ നവോദയ കലാസാംസ്കാരിക വേദി ഹഫർ അല്ബാത്തിന് യൂണിറ്റ് സ്ഥാപക പ്രസിഡന്‍റാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ