നികുതി പരിഷ്കരണത്തിനു പിന്നിലെ കോർപ്പറേറ്റ് അജണ്ടകൾ ചർച്ചയാവണം: ജിഎസ്ടി സെമിനാർ
Monday, July 24, 2017 7:03 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 'GST: നാം അറിയേണ്ടത്' എന്ന തലക്കെട്ടിൽ അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാന്പത്തിക വിദഗ്ദ്ധനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ പി.പി അബ്ദുൽ റസാക്ക് ജിഎസ്ടിയിലെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിച്ചു. പല രാഷ്ട്രങ്ങളിലും ഏകീകൃത നികുതി സന്പ്രദായം ഏറെ കുറെ വിജയകരമായി നടക്കുന്നുണ്ടെന്നത് ശരിയാണ്. അതിനു കാരണം ആ നാടുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നതും, ഈടാക്കുന്ന നികുതി 6 മുതൽ 18 ശതമാനം വരെ മാത്രമാണെന്നതും യാഥാർത്ഥ്യമാണ്.

എന്നാൽ ഇന്ത്യയിൽ ഇത് 27 ശതമാനം മുതലാണ് ഇപ്പോൾ ഈടാക്കി വരുന്നത്. കൂടാതെ ഇന്ത്യയെ പോലുള്ള അതിഭീമമായ സാന്പത്തിക അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത് സാധാരണക്കാരനെ ഇതെങ്ങനെ ബാധിക്കും എന്നത് സുപ്രധാനമായ ചോദ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേൽ നേരിട്ടുള്ള കണ്‍ട്രോൾ ഉണ്ടാക്കാനുള്ള ഒരു മാർഗം എന്ന നിലയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നതെന്നും, ഉൽപാദക സംസ്ഥാനങ്ങളേക്കാൾ ഉപഭോക്തൃ സംസ്ഥാനത്തിന് ജിഎസ്ടിയുടെ ആനുകൂല്യം ലഭിക്കുന്നതിനാൽ സമീപ ഭാവിയിൽ ഇന്ത്യയിൽ ഉൽപാദനം കുറയാൻ കാരണമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

നികുതി പരിഷ്കരണത്തിന്‍റെ പിന്നിലെ കോർപ്പറേറ്റ് അജണ്ടകൾ ചർച്ചയാവണമെന്നും അദ്ദേഹം ഉണർത്തി. 'ജിഎസ്ടി: നാം അറിയേണ്ടത്' എന്ന തലക്കെട്ടിൽ ജിഎസ്ടി എന്താണെന്നും, അതിനു കീഴിൽ വരുന്ന ഉത്പന്നങ്ങൾ എന്തൊക്കെയാണെന്നും, ജിഎസ്ടി വരുന്നതിനു മുൻപും വന്നതിനു ശേഷവും ഈ ഉത്പന്നങ്ങൾക്ക് വന്ന വില വ്യത്യാസവും പ്രസന്േ‍റഷൻ സഹായത്തോടെ പി.കെ. മനാഫ് അവതരിപ്പിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് പി.പി അബ്ദുൽ റസാക്കും, പി.കെ മനാഫും മറുപടി നൽകി. യൂത്ത് ഇന്ത്യ പ്രസിഡണ്ട് നജീബ് സി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹിക വിഭാഗം വകുപ്പ് കണ്‍വീനർ മുഹമ്മദ് ഹാറൂണ്‍ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നയീം ഖിറാഅത്തും നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ