കുവൈറ്റ് കെഎംസിസി ബൈത്തുറഹ്മ; എറണാകുളം സമർപ്പണവും തൃശൂരിൽ തറക്കല്ലിടലും ജൂലൈ 26ന്
Tuesday, July 25, 2017 5:27 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു നാഷണൽ കമ്മറ്റി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മകളിൽ മൂന്നാമത്തേത് ജൂലൈ 26 നു ബുധനാഴ്ച സമർപ്പിക്കും. കുവൈറ്റ് കഐംസിസി. ഏരിയ ഭാരവാഹിയായ പ്രവർത്തകനു വേണ്ടി എറണാകുളം പറവൂർ ചിറ്റാറ്റുകര നീണ്ടൂരിലാണ് ഈ കാരുണ്യ ഭവനം നിർമ്മിച്ചിട്ടുള്ളത്. 26 നു ഉച്ചയ്ക്ക് 12ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കാരുണ്യ ഭവനത്തിന്‍റെ താക്കോൽദാനം നിർവ്വഹിക്കും.

എറണാകുളം ബൈത്തുറഹ്മ സമർപ്പണത്തിൽ എംഎൽഎമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.എ.അഹമ്മദ് കബീർ മറ്റു മുസ്ലിം ലീഗ് സംസ്ഥാന ജില്ല, മണ്ഡലം നേതാക്കളും കെഎംസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി (ആക്ടിംഗ്) സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദുറസാഖ് തുടങ്ങിയ കുവൈറ്റ് കെഎംസിസി. കേന്ദ്ര ഏരിയ യൂണിറ്റ് ഭാരവാഹികളും നേതാക്കളും സംബന്ധിക്കും.

അതേ ദിവസം ഉച്ചയക്ക് രണ്ടിന് കുവൈറ്റ് കെഎംസിസി നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് സാൽമിയ, സൽവ യൂണിറ്റ് പ്രവർത്തകനു നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടൽ തൃശൂർ വാടാനപ്പള്ളി ചെട്ടിക്കാട്ട് കോളനിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. കഐംസിസി നേതാക്കളെ കൂടാതെ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളും തൃശൂർ ജില്ലാ മണ്ഡലംപഞ്ചായത്ത് നേതാക്കളും പങ്കെടുക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ