ഖത്തറിനെതിരെ സൗദി നല്‍കിയത് 1,38,000 ഡോളറിന്‍റെ പരസ്യം
Wednesday, July 26, 2017 12:39 AM IST
ദോഹ: ഖത്തറിനെതിരേ ടിവി ചാനലിൽ പരസ്യം നടത്താന്‍ സൗദി മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങൾക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. വാഷിംഗ്ടണിലെ എന്‍ബിസി ഫോര്‍ ചാനലില്‍ ജൂലൈയ് 23 മുതലാണ് പരസ്യം പ്രക്ഷേപണം തുടങ്ങിയത്. അമേരിക്കയിലുള്ള സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി (എസ്എപിആര്‍എസി) യാണ് പരസ്യ സ്‌പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

ഭീകരവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. ജൂലൈയ് 23-ന് രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. സെക്കന്‍ഡിന് ആയിരം ഡോളര്‍ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാര്‍ത്താ അധിഷ്ഠിത പരിപാടിയാണിത്.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതൽ ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.