നരേന്ദ്രമോഡി ഗവണ്‍മെന്‍റിന്‍റെ നയങ്ങൾ ഗോൾവാർക്കറിസത്തിന്‍റെ പ്രയോഗവത്കരണം:നാസർ വെളിയംകോട്
Thursday, July 27, 2017 7:59 AM IST
ജിദ്ദ: നരേന്ദ്ര മോഡി ഗവണ്‍മെന്‍റിന്‍റെ തീവ്ര ഫാസിസ്റ്റു നിലപാടുകൾ ഹിന്ദുത്വ രാഷ്ട്രമെന്ന ഗോൾവാൾക്കറിസത്തിന്‍റെ പ്രയോഗവത്കരണമാണെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തെ ചൂഷണം ചെയ്യുന്നതാണെന്നും കഐംസിസി നേതാവ് നാസർ വെളിയംകോട് അഭിപ്രായപ്പെട്ടു. ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കഐംസിസി സംഘടിപ്പിച്ച മതേതര ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം നൂറ്റാണ്ടുകളോളം അടക്കി ഭരിച്ചിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരം നടത്തി ആയിരകണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ ചോരച്ചാലുകളിലൂടെ നേടിയ മതേതര ജനാധിപത്യ ഇന്ത്യയെ ഹെഗ്ഡെവാറും ഗോൾവാക്കറും സ്വപ്നം കണ്ട ഹിന്ദുത്വ രാജ്യമാക്കാനുള്ള ഫാസിസ്റ്റു ഭരണകൂട ശ്രമങ്ങളുടെ ഭാഗമാണ് ഭയപ്പെടുത്തി നിശ്ശബ്ദരാക്കുന്ന ഫാസിസ്റ്റുകളുടെയും സയണിസ്റ്റുകളുടെയും എക്കാലത്തെയും തന്ത്രം. ആ തന്ത്രം നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണ് ബീഫ് കൊലകളെന്നു നാം മനസിലാക്കണം.

കപട ദേശീയതയുടെ മുഖാവരണം അണിഞ്ഞു പ്രതിഷേധിക്കുന്നവരെ മുഴുവൻ തീവ്രവാദികളും രാജ്യ ദ്രോഹികലുമാക്കാൻ ശ്രമിക്കുന്ന ഈ ഭരണകൂടാ ഭീകരതക്കെതിരെ മതേതര ഇന്ത്യ ഉണർന്നിരിക്കണമെന്നും ഇതിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നൽകണമെന്നും നാസർ വെളിയംകോട് കൂട്ടിച്ചേർത്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് ചെന്പൻ അബ്ദു അധ്യക്ഷത വഹിച്ചു. ചെയർമാൻ ആറ്റക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ജലാൽ തേഞ്ഞിപ്പലം, കെ.ടി. ഹംസ മുന്നിയൂർ, മജീദ് കള്ളിയിൽ, അബ്ദുൽ ഗഫൂർ ചേലേന്പ്ര, നസീം കാടപ്പടി, മുജീബ് കുന്നുമ്മൽ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽ ഉള്ളാടൻ സ്വാഗതവും കെ.വി. ജംഷീർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ