കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍റെ കുടുംബസഹായ നിധി വിതരണം ചെയ്തു
Thursday, July 27, 2017 8:00 AM IST
കോഴിക്കോട്: മരണത്തിലൂടെ വേർപിരിഞ്ഞ സഹോദരങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുത്ത പ്രവാസി സംഘടന മാതൃകയായി. കുവൈറ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുവൈറ്റ് കേരള മുസ്ലീം അസോസിയേഷൻ (കെകഐംഎ) എന്ന പ്രവാസി സംഘടനയാണ് തങ്ങളിൽ നിന്നും അല്ലഹിവിലേക് യാത്രയാകുന്ന അംഗങ്ങളുടെ കുടുംബത്ത കുടുംബസഹായ നിധി എന്ന പദ്ധതിയിലൂടെ സംരക്ഷിക്കുകയും സാഹായിക്കുകയും ചെയ്യുന്നത്.

സമീപ കാലത്തു മരണപ്പെട്ട 10 അംഗങ്ങളുടെ കുടുംബങ്ങൾക്കായി ഒന്നാംഘട്ടം ഓരോ കുടുംബത്തിനുംഏഴുലക്ഷം രൂപ വീതവും നേരത്ത മരിച്ച 16 കുടുംബങ്ങൾക്ക് 18 ലക്ഷംരൂപയും തിങ്കളാഴ്ച കോഴിക്കോട് വച്ചു വിതരണം ചെയ്തു. കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വലിയ ഖാസീ സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങൾ കുടുംബ ക്ഷേമ നിധി വിതരണം ഉദ്ഘാടനം ചെയ്തു.

പ്രവാചകൻ പറഞ്ഞതിൽ ഏറ്റവും മഹത്തായ അനാഥ അഗതി സംരക്ഷണമെന്ന കടമയാണ് കെകഐംഎ നിർവഹിക്കുന്നതെന്നു ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. ജീവിതത്തിൽ നേരിട്ട് അറിയാത്ത, കണ്ടിട്ടില്ലാത്ത ഒരു സഹോദരന്‍റെ മരണത്തിലൂടെ അനാഥമാവുന്ന കുടുംബത്തെ സംരക്ഷിക്കാൻ 16000 ത്തോളം അംഗങ്ങൾ ഒരുമിക്കുന്നു എന്നതു അതിവിശിഷ്ടമായ പ്രവർത്തിയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കെകഐംഎ മുഖ്യ രക്ഷാധികാരി കെ. സിദ്ധീഖ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ