മസ്കറ്റ് അപ്പോളോയിൽ ഓർത്തോ, യൂറോളജി സ്പെഷ്യലിസ്റ്റുകൾ ചാർജെടുത്തു
Friday, August 11, 2017 6:11 AM IST
മസ്കറ്റ്: മസ്കറ്റ് അപ്പോളോ ആശുപത്രിയിൽ ഓർത്തോപീഡിക്, യൂറോളജി വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ചാർജെടുത്തു. ഓർത്തോയിൽ ജർമൻ സ്വദേശിയായ ഡോ.വ്ളാഡിമിർ മാർട്ടിനെക്കും യൂറോളജി വിഭാഗത്തിൽ ഹൈദരാബാദ് സ്വദേശി ഡോ.എ.എൻ.നാഗരാജുമാണ് ചുമതലയേറ്റത്.

ഒമാനിൽ നിന്നും നൂറുകണക്കിന് രോഗികളാണ് വിദഗദ്ധ ചികിത്സകൾക്കായി ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. നിലവിൽ അപ്പോളോ ആശുപത്രി തങ്ങളുടെ ഇന്ത്യയിലെ ആശുപത്രികളിലേക്ക് രോഗികളെ അയക്കാറുണ്ട്. എന്നാൽ രാജ്യത്ത് കൂടുതൽ ആവശ്യമുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കുണ്ടാകുന്ന പരുക്കുകൾ, വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങൾക്ക് ഇവിടെത്തന്നെ ചികിത്സ ലഭ്യമാക്കുകയാണ്
ലക്ഷ്യമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ദേബ്രാജ് സന്യാൽ പറഞ്ഞു.

കിഡ്നി സംബന്ധമായ രോഗങ്ങൾ കൂടാതെ, പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള മേഖലയിൽ സാധാരണമായ രോഗങ്ങൾക്ക് ഇവിടെത്തന്നെ വിദഗദ്ധ ചികിത്സ ലഭ്യമാകുന്നത് വലിയ കാര്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോർട്ട്: സേവ്യർ കാവാലം