ഫാസിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക: സി കെ നജീബ്
Sunday, August 13, 2017 1:21 AM IST
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം കെ ഐ ജി ആക്ടിംഗ് പ്രസിഡന്‍റ് കെ എ സുബൈർ മലയാളം കുവൈത്ത് ജനറൽ കണ്‍വീനർ ബർഗുമൻ തോമസിനു അംഗത്വ ഫോം വിതരണം ചെയ്തു നിർവഹിച്ചു. നോവൽ,കഥകൾ, ചരിത്രം, പഠനം തുടങ്ങി ഇരുപതോളം കാറ്റഗറികളിലായി ഇരുനൂറ്റിയന്പതോളം പ്രശസ്ത എഴുത്തുകാരുടെ അരുനൂറിലതികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പബ്ലിക് ലൈബ്രറി ആഴ്ചയിൽ വ്യാഴം, വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് ആറു മുതൽ ഒന്പതു വരെ ആയിരിക്കും പ്രവർത്തിക്കുക. ഒരു ദിനാർ വാർഷിക വരിസംഖ്യ അടച്ച് കുവൈത്തിലെ ഏതൊരു മലയാളിക്കും ലൈബ്രറിയിൽ അംഗങ്ങൾ ആവാം.

തുടർന്നു നടന്ന സാംസ്കാരിക സംഗമത്തിൽ ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും എന്ന തലകെട്ടിൽ ചർച്ച നടന്നു. ഫാസിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങൾ ധാരാളമായി ഉണ്ടാക്കിയെടുക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ് അഭിപ്രായപ്പെട്ടു. ഹൈന്ദവ പുരാണങ്ങൾ പ്രധാനമായും സാഹിത്യത്തെയും കലയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെങ്കിലും അതിന്‍റെ വാക്താക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ തന്നെ എഴുത്തിനെയും എഴുത്തുകാരെയും തങ്ങൾക്കെതിരാണെന്ന കാരണത്താൽ നിഷ്കരുണം വെട്ടയാടിക്കൊണ്ടിരിക്കുന്നത് വിരോധാഭാസമാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിൽ വിഷയമാവതരിപ്പിച്ചുകൊണ്ട് യൂത്ത് ഇന്ത്യ വൈസ് പ്രസിടണ്ട് മുഹമ്മദ് ഹാറൂണ്‍ സംസാരിച്ചു. തുടർന്നു കുവൈത്തിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ കെ.എ സുബൈർ, സാം പൈനുംമൂട്, ബർഗുമൻ തോമസ്, നജീബ് മൂടാടി, പ്രേമൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു. ചർച്ചയുടെ ഉപസംഹാരം നിർവഹിച്ചുകൊണ്ട് പി.പി അബ്ദുൽ റസാക്ക് സംസാരിച്ചു. യൂത്ത് ഇന്ത്യ ജനറൽസെക്രട്ടറി ഷാഫി കൊയമ്മ സ്വാഗതവും സികെ നജീബ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ