മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹായിടവക വാർഷികം; വിപുലമായ പരിപാടികൾ
Thursday, August 17, 2017 3:46 AM IST
മസ്കറ്റ്: ഒമാനിൽ ഓർത്തഡോക്സ് പള്ളി സ്ഥാപിതമായതിന്‍റെ നാല്പത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഓഗസ്റ്റ് 18-നു വെള്ളിയാഴ്ച തിരി തെളിയും.ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ചടങ്ങിൽ മുഖ്യാഥിതി ആയിരിക്കും. രാവിലെ 8.30 നാരംഭിക്കുന്ന ചടങ്ങിൽ ഈ വർഷം നടപ്പിലാക്കാൻ ഒരുങ്ങുന്ന കാരുണ്യ പദ്ധതികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.പള്ളി ഹാളിൽ വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനത്തിൽ വികാരി ഫാ.ജേക്കബ് മാത്യുവും, ആഘോഷ കമ്മറ്റി ജനറൽ കണ്‍വീനർ അഡ്വ.എബ്രഹാം മാത്യുവും പരിപാടികൾ വിശദീകരിച്ചു. 2018 മാർച്ച് മാസത്തിൽ വാർഷിക പരിപാടികൾ സമാപിക്കും.സമ്മേളനത്തിൽ പ്രമുഖരായ സാമൂഹ്യ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുമെന്നു ഫാ.ജേക്കബ് മാത്യു പറഞ്ഞു. ആഘോഷങ്ങളുടെ വിജയത്തിനായി എബ്രഹാം മാത്യു ജനറൽ കണ്‍വീനറായി 17 അംഗ കമ്മറ്റിയാണ് പ്രവർത്തിക്കുക.

1972 ജൂണ്‍ മാസത്തിലാണ് മസ്കറ്റ് ഓർത്തഡോക്സ് പള്ളിയിൽ ആദ്യമായി പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കുന്നത്. മസ്കറ്റിലെ റൂവിയിൽ സ്ഥിതി ചെയ്യുന്ന മാർ ഗ്രിഗോറിയോസ് പള്ളിക്കു പുറമെ, ഗാലാ സെന്‍റ് മേരീസ്, സലാലയിലെ സെന്‍റ് സ്റ്റീഫൻസ്, സോഹാറിലെ സെന്‍റ് ജോർജ് എന്നിവയാണ് രാജ്യത്തെ മറ്റ് ഓർത്തഡോക്സ് പള്ളികൾ.ഓമനിലാകെ മൂവായിരത്തോളം കുടുംബങ്ങൾ ഓർത്തഡോക്സ് സഭയിലുണ്ട്.മാർ ഗ്രിഗോറിയോസ് മഹായിടവകയിൽ തന്നെ 1200 കുടുംബങ്ങളുണ്ട്.

വർഷം തോറും കാരുണ്യത്തിന്‍റെ കരസ്പർശമായി തണൽ എന്ന പേരിൽ മഹായിടവക സമൂഹത്തിൽ രോഗികളും ആലംബ ഹീനരുമായവർക്ക് സഹായങ്ങൾ ചെയ്തു വരുന്നു. ശരാശരി 40 മുതൽ 45 ലക്ഷം രൂപയാണ് വർഷം തോറും വിതരണം ചെയ്യുന്നത്.ഇടവക അംഗങ്ങൾ നൽകുന്ന അകമഴിഞ്ഞ സംഭാവനകൾ ആണ് തണലിന്‍റെ ശക്തി.ഈ വർഷം കാൻസർ രോഗികൾക്കായിരിക്കും സഹായങ്ങൾ നൽകുക.ആഘോഷങ്ങളുടെ ഭാഗമായി പരുമല മാർ ഗ്രിഗോറിയോസ് ആശുപത്രിക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്യുവാനും പദ്ധതിയുണ്ടെന്ന് ഫാ.ജേക്കബ് കൂട്ടിച്ചേർത്തു. പള്ളി ട്രസ്റ്റി മാത്യു വർഗീസ്, സഹ ട്രസ്റ്റി സാബു കോശി, സെക്രട്ടറി മനോജ് മാത്യു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: സേവ്യർ കാവാലം