ജുബൈൽ ഐസിഎഫ് ദേശ രക്ഷാസംഗമങ്ങൾ നടത്തി
Tuesday, August 22, 2017 6:54 AM IST
ജുബൈൽ: ഇന്ത്യൻ സ്വന്തന്ത്രത്തിന്‍റെ എഴുപതാം വാർഷികത്തിന്‍റെ ഭാഗമായി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജുബൈലിൽ ദേശ രക്ഷാ സംഗമം ഒരുക്കി. ജുബൈൽ സെൻട്രൽ കമ്മറ്റിയുടെ കീഴിലുള്ള മൂന്ന് സെക്ടറുകളിലാണ് ഒരേ ദിവസം സംഗമം ഒരുക്കിയത്.

ജാതിമത ഭേതമന്യേ പൂർവീകർ നേടി തന്ന സ്വാതന്ത്രം ശരിയായി അനുഭവിക്കാൻ അടുത്തകാലത്തായി സാധിക്കാതെ വരുന്നതായി, മൂന്ന് സെക്ടറികളിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ഒരുപോലെ ആശങ്കപ്പെട്ടു. നീതി നടപ്പാക്കുന്നതിൽ ഭരണകൂടവും നീതിപീഠവും മത്സരിച്ചു പക്ഷം പിടിക്കുന്ന അവസ്ഥ ന്യൂനപക്ഷങ്ങളിൽ സ്യഷ്ട്ടിക്കുന്ന അരസിതാവസ്ഥ ചൂണ്ടിക്കാട്ടിയ സംഗമങ്ങൾ പൗരന്‍റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലെ ഈ പക്ഷപാതിത്വം പുതുതലമുറയെ ഭീകരവാദികളുടെ കേന്ദ്രങ്ങളിൽ എത്തിക്കാൻ കാരണമാകുമെന്ന് ഭയപ്പെടുകയും ചെയ്യുന്നതായി അഭിപ്രായപ്പെട്ടു.

അൽ ദാന സെക്ടറിന്‍റെ സംഗമം ബദർ അൽ ഖലീജ് ഓഡിറ്റോറിയത്തിൽ നടന്നു. ഐസിഎഫ് സെൻട്രൽ പബ്ലിക്കേഷൻ കമ്മറ്റി പ്രസിഡന്‍റ് സിദ്ധീഖ് ഇർഫാനി വിഷയാവതരണം നടത്തി. അബ്ദുൽ കരീം കാസിമി ഉത്ഘാടനവും പ്രതിജ്ഞ ചെല്ലിക്കൊടുക്കലും നടത്തി. ഷബീർ രാമനാട്ടുകര, അഡ്വ. പി എ ആൻറണി, കബീർ മുസ്ല്യാർ, അഫ്സൽ പിലാക്കൽ, സഹീർ ഷാ എന്നിവർ അഭിമുഖീകരിച്ചു സംസാരിച്ചു.

ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന ടൗണ്‍ സെക്ടർ ദേശരക്ഷാ സംഗമത്തിൽ ഐസിഎഫ് ജുബൈൽ ദഅവ കാര്യ പ്രസിഡന്‍റ് ഷുക്കൂർ ചാവക്കാട് വിഷയം അവതരിപ്പിച്ചു. ഡോ സൈദ് അസ്ഫാഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുജീബ് ആലുവ പ്രതിജ്ഞ ചെല്ലി കൊടുത്തു. സത്താർ അകലാട്, വിൻസൻ തടത്തിൽ, ഷൈലൻ പള്ളത്താഴം, ഉമർ സഖാഫി പാണ്ടിക്കാട്, ജംഹർ അലി നരിക്കുനി, ഷാനിദ് കണ്ണൂർ തുടങ്ങിയവർ സംബദ്ധിച്ചു.

ഐസിഎഫ് സൗദി ദേശീയ സമിതിയുടെ ആഹ്വാനപ്രകാരം സൗദിയുടെ 95 കേന്ദ്രങ്ങളിൽ നടക്കുന്ന ദേശരക്ഷാ സംഗമങ്ങളുടെ ഭാഗമായാണ് ജുബൈലിലെ സംഗമങ്ങൾ. ജുബൈൽ ഐസിഎഫ് പ്രസിഡന്‍റ് അബ്ദുൽ കരീം കാസിമി , സിക്രട്ടറി അബ്ദുൽ സലാം കായക്കൊടി, ദേശീയ ക്ഷേമകാര്യ സെക്രട്ടറി അഷ്റഫ് അലി കീഴുപറന്പ്, ദാഇ നൂറുദ്ധീൻ മഹ്ളരി തുടങ്ങിയവർ മൂന്നിടങ്ങളിലും സംബന്ധിച്ചു. മജീദ് താനാളൂർ, ഷുക്കൂർ കരുനാഗപ്പള്ളി, ആബിദ് കണ്ണൂർ തുടങ്ങിയവർ നേത്യത്വം നൽകി. ജുബൈൽ കമ്മറ്റിയുടെ കീഴിലുള്ള നാലാമത്തെ സംഗമം ഖാഫ് ജി സെക്ടറിൽ അടുത്ത വെള്ളിയാഴ്ച നടക്കും.