തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സാൽമിയ ഏരിയ ഓണാഘോഷം നടത്തി
Monday, September 11, 2017 11:04 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ സാൽമിയ ഏരിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ 120 കലാകാരികൾ അണിനിരന്ന മെഗാതിരുവാതിരയോടെയാണ് ആരംഭിച്ചത്.

കേരളത്തിന്‍റെ തനതു കലാരൂപങ്ങളായ കുമ്മാട്ടിക്കളി, പുലിക്കളി എന്നിവക്കൊപ്പം താലപ്പൊലിയും ചെണ്ടമേളവും മാവേലിതന്പുരാനും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കാണികളുടെ ഗതകാലത്തെ ഓർമിപ്പിക്കുവാനും കുട്ടികൾക്ക് കലാരൂപങ്ങളെ പരിചയപ്പെടുത്തുവാനും സാംസ്കാരിക ഘോഷയാത്ര ഉപകരിച്ചു.

മെഗാതിരുവാതിര അണിയിച്ചൊരുക്കിയ നന്ദനം സ്കൂൾ ഓഫ് ഡാൻസിനും നൃത്താധ്യാപകരായ കലാമണ്ഡലം ബിജുഷ, കലാമണ്ഡലം സംഗീത, എസ്. സുജിത (ശ്രീ സ്വാതിതിരുനാൾ കോളജ് ഓഫ് മ്യൂസിക് ) എന്നിവർക്കും മൊമെന്േ‍റാ സമ്മാനിച്ചു. അംഗങ്ങൾക്കായി നടന്ന പായസമത്സരവും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്‍റെ മാറ്റുകൂട്ടി.

സാംസ്കാരിക സമ്മേളനം തൃശൂർ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ജോയ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സാൽമിയ ഏരിയ കണ്‍വീനർ ജേക്കബ് ജോയ് തോലത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി സലേഷ് പോൾ, ട്രാസ്ക് വനിതാവേദി ജനറൽ കണ്‍വീനർ ശാന്തി വേണുഗോപാൽ, ഏരിയ വനിതാ വിഭാഗം കോഓർഡിനേറ്റർ ജിഷാ സോജൻ, ഏരിയ കളിക്കളം കോഓർഡിനേറ്റർ മാസ്റ്റർ ജോഫിൻ ഷാജു, ട്രഷറർ അലക്സ് പൗലോസ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ