"ബ്ലുവെയിലിനേക്കാൾ വലിയ അപകടങ്ങൾ ഇന്‍റർനെറ്റിൽ'
Wednesday, September 13, 2017 10:13 AM IST
ദുബായ്: ചർച് ഓഫ് ഗോഡ് വൈപിഇയുടെ ആഭിമുഖ്യത്തിൽ ദുബായ് ട്രിനിറ്റി ചർച്ച് ഹാളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. "പേരെന്‍റിംഗിലെ വെല്ലുവിളികളും കുട്ടികളുടെ പഠന ക്രമവും’ എന്ന വിഷയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് സംസാരിച്ചു.

ബ്ലൂവെയിലിനേക്കാൾ വലിയ അപകടങ്ങൾ ഇന്‍റർനെറ്റിൽ നമ്മുടെ കുട്ടികളെ നശിപ്പിക്കാൻ കെണിയുമായി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍റർനെറ്റ്, മൊബൈൽ, ഗെയിമുകൾ, സോഷ്യൽ മീഡിയ തുടങ്ങിയവ കുട്ടികളെ അടിമത്തത്തിലേക്ക് നയിക്കുന്ന ഈ കാലഘട്ടത്തിൽ, മാതാപിതാക്കൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. പഠനഭാരം, മാനസിക സമ്മർദ്ദം തുടങ്ങിയ കുട്ടികളെ ബാധിക്കുന്നത് ഒഴിവാക്കാൻ ശാസ്ത്രീയമായ പഠനരീതി സ്വീകരിക്കുന്നത് അഭികാമ്യമാണ്. കുട്ടികളിൽ അമിത പ്രതീക്ഷകൾ വച്ചുപുലർത്തി, അവരെ സമ്മർദ്ദത്തിൽ ആക്കാതെ പഠനം ആഹ്ലാദകരമായ ഒരു പ്രക്രിയയായി മാറ്റണം.

ബിജു ജോസഫ്, സെക്രട്ടറി ഡോ. ബേബി ജോണ്‍, ജോജി, ഷാജു ജോണ്‍, ജോബി, ജിജോ, ഡിബി എന്നിവർ സെമിനാറിന് നേതൃത്വം നൽകി.