ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: ഇന്ത്യാ ഗവണ്‍മെന്‍റിനെ തമസ്കരിച്ച് ഒമാനിലെ പത്രങ്ങൾ
മസ്കറ്റ്: യെമനിൽ ഭീകരരുടെ തടവിൽ നിന്നും ഒമാൻ ഗവണ്‍മെന്‍റിന്‍റെ ഇടപെടലിലൂടെ മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ സുരക്ഷിത കേന്ദ്രത്തിൽ എത്തിയതോടെ ഇതുസംബന്ധിച്ച് ഇന്ത്യയിലെയും ഒമാനിലേയും വിവിധ കേന്ദ്രങ്ങളിൽ രക്ഷിച്ച കരങ്ങളെപ്പറ്റി അവകാശവാദങ്ങളും കൊഴുക്കുകയാണ്.

ബുധനാഴ്ച മസ്കറ്റിലിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളായ ഒമാൻ ഡെയിലി ഒബ്സർവറും ഒമാൻ ട്രിബൂണ്‍, ടൈംസ് ഓഫ് ഒമാൻ, മസ്കറ്റ് ഡെയിലി തുടങ്ങിയ പത്രങ്ങൾ തങ്ങളുടെ റിപ്പോർട്ടുകളിൽ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇടപെടലുകളെക്കുറിച്ച് യാതൊരുവിധ പരാമർശവും നടത്തിയില്ല.

ഒമാൻ സർക്കാരിന്‍റെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാൻ ആവശ്യപ്പെട്ടതു പ്രകാരം ഒമാൻ ഭരണാധികാരി ഫാ. ടോമിന്‍റെ മോചനത്തിനായി യെമൻ അധികൃതരുമായി ഇടപെടലുകൾ നടത്താൻ ഉത്തരവിട്ടതായിട്ടാണ് റിപ്പോർട്ടുകളെല്ലാം തന്നെ. ഒമാനിലെ എല്ലാ പത്രങ്ങളും ഫാ. ടോം ഉഴുന്നാലിന്‍റെ മോചനവാർത്ത മുൻ പേജുകളിൽ തന്നെയാണ് പ്രസിദ്ധീകരിച്ചത്.

റിപ്പോർട്ട്: സേവ്യർ കാവാലം