അബുദാബി ഇന്ത്യ സോഷ്യൽ സെന്‍റർ ഓണം ആഘോഷിച്ചു
Sunday, September 17, 2017 1:50 AM IST
അബുദാബി: നാലായിരത്തിലധികം പേർക്ക് ഓണസദ്യയൊരുക്കി അബുദാബി ഇന്ത്യ സോഷ്യൽ സെന്‍റർ ഓണം ആഘോഷിച്ചു. സെന്‍റർ കെട്ടിടത്തിൽ പൂമാലകളും തോരണങ്ങളും തൂക്കിയും പൂക്കളമൊരുക്കിയും അംഗങ്ങൾ വിരുന്നുകാരെ വരവേറ്റു. ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, ജനറൽ സെക്രട്ടറി എം. അബ്ദുൾ സലാം, വൈസ് പ്രസിഡന്‍റ് ജയചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി മുഖ്യാതിഥിയായിരുന്നു.

ഓണസദ്യയുടെ മുഖ്യ പ്രായോജകരായ എസ്എഫ്സി. ഗ്രൂപ്പിന്‍റെ എംഡി.കെ. മുരളീധരനെ ഇന്ത്യൻ അംബാസിഡർ പൊന്നാടയണിയിച്ചു. ജമിനി ബിൽഡിങ് മെറ്റീരിയൽസ് എംഡി. ഗണേഷ് ബാബു, യുഎഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീർകുമാർ ഷെട്ടി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡന്‍റ് പി. ബാവഹാജി, കെ എസ് സി പ്രസിഡൻറ് പി. പത്മനാഭൻ തുടങ്ങിയ പ്രമുഖർ അതിഥികളായെത്തി. സ്വദേശികളായ പല പ്രമുഖരും ഓണസദ്യയുടെ സ്വാദ് നുകരാൻ അതിഥികളായെത്തി.



രാവിലെ പതിനൊന്നു മുതൽ വൈകീട്ട് നാലു വരെ നാലായിരത്തിലധികം പേർ ഓണസദ്യ കഴിച്ചു. പാലക്കാട്ടുനിന്നെത്തിയ പാചകവിദഗ്ധൻ പ്രമോദ് ആണ് സദ്യയൊരുക്കിയത്. ഇന്ത്യ സോഷ്യൽ സെന്‍റർ ഗായകസംഘം ഒരുക്കിയ ഓണപ്പാട്ടുകൾ, വാദ്യഘോഷം, മാവേലി എന്നിവ ഓണാഘോഷങ്ങൾക്ക് ഉത്സവച്ഛായ പകർന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള