അംഗപരിമിതിയെ വെല്ലുവിളിച്ച കണ്‍മണിക്ക് റിയാദ് കേളിയുടെ പ്രത്യേക പുരസ്കാരം
Tuesday, October 3, 2017 10:27 AM IST
റിയാദ്: അംഗപരിമിതിയെ വെല്ലുവിളിച്ചു പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കണ്‍മണിക്ക് റിയാദ് കേളിയുടെ പ്രത്യേക പുരസ്കാരം. അന്പലപ്പുഴയിൽ മന്ത്രി ജി സുധാകാരനാണ് ഈ വർഷത്തെ കേളി കലാസാംസ്കാരിക വേദിയുടെ ദക്ഷിണമേഖലാ വിദ്യാഭ്യാസ മേന്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് കണ്‍മണിക്ക് പ്രത്യേക പുരസ്കാരം നൽകിയത്.

എസ്എസ്എൽസി പരീക്ഷയിൽ ഭിന്നശേഷിക്കാർക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും വേണ്ടെന്നുവച്ചു കാൽവിരലുകൾക്കിടയിൽ പേന ചേർത്തുവെച്ചു പത്താംതരത്തിൽ 9 എ പ്ലസ് നേടിയ കണ്‍മണി പാഠ്യേതര വിഷയങ്ങളിലും ഏറെ മുന്നിലാണ്. ഇതെല്ലാം പരിഗണിച്ചാണ് കേളിയുടെ പ്രത്യേക പുസ്രസ്കാരം കണ്‍മണിയെ തേടിയെത്തിയത്. കാലുകൊണ്ട് കന്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതും വേഗത്തിൽ ടൈപ്പ് ചെയ്യുന്നതും ഈ മിടുക്കിക്ക് അനായാസം കഴിയും.

കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംസ്കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയിൽ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തുടർച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളിൽ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുമുണ്ട്. തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാറിന്േ‍റയും രേഖയുടേയും മകളാണ്.