കുവൈത്തിൽ കേരള പ്രവാസി ക്ഷേമബോർഡ് അംഗത്വ കാന്പയിൻ
Wednesday, October 11, 2017 11:56 AM IST
കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുവൈത്തിൽ അംഗത്വ കാന്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ പറഞ്ഞു. അബാസിയ കല സെന്‍ററിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ഇടതുപക്ഷ സർക്കാർ വന്നതിനു ശേഷം മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം 70000 ത്തിലേറെ പേർ പുതിയതായി ക്ഷേമനിധിയിൽ അംഗത്വമെടുത്തു. ക്ഷേമ പെൻഷൻ ഏകീകരിച്ച് മിനിമം പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു. പ്രവാസികൾക്കായ് ഡിവിഡന്‍റ് പെൻഷൻ സ്കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികൾ പുതിയ ബോർഡ് നിലവിൽ വന്നതിനു ശേഷം സർക്കാരിന്‍റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. ബോർഡിൽ സന്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കികൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ഒരു വർഷം കൊണ്ട് കുവൈത്തിൽ നിന്ന് ഒരു ലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും വിപുലമായ അംഗത്വ കാന്പയിൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അംഗത്വ കാന്പയിനെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്നതിനായ് ഒക്ടോബർ 14 (ശനി) വൈകുന്നേരം ഏഴിന് അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ കുവൈത്തിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "എന്‍റെ കൃഷി’ കാർഷിക മത്സരത്തിന്‍റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തി വരാറുള്ള ചിത്രചനാ മത്സരം "മഴവില്ല് 2017' നവംബർ 10നു റിഗായ് അൽജവഹറ ഗേൾസ് സ്കൂളിൽ നടക്കുമെന്നും കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ട്രഷറർ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ