അബുദാബി മലയാളി സമാജത്തിൽ നിശാഗന്ധി സംഗീത സന്ധ്യയും സിഡി പ്രകാശനവും 13 ന്
അബുദാബി: ലളിതഗാനങ്ങളുടെ സമാഹാരമായ നിശാഗന്ധി സിഡിയുടെ പ്രകാശനവും സംഗീത സന്ധ്യയും ഒക്ടോബർ 13 ന് (വെള്ളി) രാത്രി 7. 30 മുതൽ അബുദാബി മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടക്കും.

പ്രശസ്ത പിന്നണി ഗായിക ലതിക, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, സിനിമ താരവും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും. കവിയും പിന്നണി ഗാനരചയിതാവുമായ രാപ്പാൾ സുകുമാരമേനോൻ രചിച്ച്, മകനും സംഗീത സംവിധായകനുമായ എം .ഹരികൃഷ്ണ സംഗീതം നൽകിയതുമായ 11 ഗാനങ്ങൾ അടങ്ങിയ നിശാഗന്ധി ആൽബത്തിന്‍റെ സിഡിയുടെ പ്രകാശനവും ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർ നിർവഹിക്കും. ജയചന്ദ്രൻ, ലതിക, സുദീപ്, റീന മുരളി, ഇന്ദുലേഖ വാര്യർ ,ഷാജു മംഗളൻ, ശ്രുതിനാഥ് എന്നിവരാണ് പാടിയിരിക്കുന്നത്.

മലയാള സിനിമയിൽ പാട്ടിന്‍റെ പൂക്കാലം തീർത്ത രവീന്ദ്രൻ, ജോണ്‍സണ്‍, കൊടകര മാധവൻ എന്നീ പ്രതിഭകളുടെ ഹിറ്റ് ഗാനങ്ങൾ ചേർത്താണ് സംഗീത സന്ധ്യ ഒരുക്കുന്നതെന്ന് ജയരാജ് വാര്യർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിന്നണി ഗായകരായ ലതിക, കബീർ, നൈസി, ഹരികൃഷണ എന്നിവർ ഗാനസന്ധ്യക്കു നേതൃത്വം നൽകും. ഗുരുവന്ദനം ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർക്കും ലതികക്കും ആദരവ് അർപ്പിക്കും. പ്രവേശനം സൗജന്യമാണ്.

വാർത്താസമ്മേളനത്തിൽ വിദ്യാധരൻ മാസ്റ്റർ, ലതിക, രാപ്പാൾ സുകുമാരമേനോൻ, എം. ഹരികൃഷ്ണ, അഭിലാഷ് പുതുക്കാട് എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള