സൗദിയിൽ രണ്ട് ഇന്ത്യക്കാരെ വധശിക്ഷക്ക് വിധേയമാക്കി
Saturday, October 14, 2017 9:00 AM IST
ദമാം: സൗദിയിൽ രണ്ട് ഇന്ത്യക്കാരെ വധശിക്ഷക്ക് വിധേയമാക്കി. കുമാർ ബഷ്കാർ നാം, ലിയാഖാത് അലിഖാൻ റഹ്മാൻ എന്നിവരാണ് ഒക്ടോബർ 12ന് റിയാദിൽ വധശിക്ഷക്ക് വിധേയമാക്കിയത്. കവർച്ചക്കിടെ ബംഗ്ലാദേശി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

റിയാദിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശി പൗരനായ ബാബൂൽ ഹുസൈൻ ജബ്ബാറിനെ ജോലി സ്ഥലത്തെത്തി പണം കവർച്ച ചെയ്യുന്നതിനായാണ് രണ്ടു പ്രതികളും ചേർന്ന് കൊലപ്പെടുത്തിയത്.

മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ ഇരുവരും മനഃപൂർവമാണ് കൊലപാതകം നടത്തിയതെന്ന് വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

കീഴ്കോടതികളുടെ വിധി പിന്നീട് സുപ്രീം കോടതിയും തുടർന്നു റോയൽ കോടതിയും ശരിവച്ചതോടെയാണ് ഇരുവരെയും വധ ശിക്ഷക്ക് വിധേയമാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം