നിശാഗന്ധി ആൽബം പ്രകാശനം ചെയ്തു
Sunday, October 15, 2017 2:49 AM IST
അബുദാബി : പതിനൊന്നു ലളിതഗാനങ്ങളുടെ സമാഹാരമായ നിശാഗന്ധി ആൽബത്തിന്‍റെ പ്രകാശനകർമ്മവും , സംഗീത സന്ധ്യയും അബുദാബി മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു .

സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, പ്രശസ്ത പിന്നണി ഗായിക ലതികക്ക് സിഡി നൽകിയാണ് പ്രകാശനം നിർവഹിച്ചത് .സിനിമ താരവും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ, മലയാളി സമാജം പ്രസിഡന്‍റ് വക്കം ജയലാൽ ,യുഎഇ എക്സ്ചേഞ്ച് മുസ്സഫ ഏരിയ മാനേജർ സുനിൽ തന്പാക്കൻ , രാധാകൃഷ്ണൻ മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു .

കവിയും പിന്നണി ഗാനരചയിതാവുമായ രാപ്പാൾ സുകുമാരമേനോൻ രചിച്ച് , മകനും സംഗീത സംവിധായകനുമായ എം .ഹരികൃഷ്ണ സംഗീതം നൽകിയതുമായ 11 ഗാനങ്ങൾ അടങ്ങിയ ആൽബമാണ് നിശാഗന്ധി. ജയചന്ദ്രൻ ,ലതിക ,സുദീപ് ,റീന മുരളി ,ഇന്ദുലേഖ വാര്യർ ,ഷാജു മംഗളൻ , ശ്രുതിനാഥ് എന്നിവരാണ് പാടിയിരിക്കുന്നത്.

മലയാള സിനിമയിൽ പാട്ടിന്‍റെ പൂക്കാലം തീർത്ത രവീന്ദ്രൻ, ജോണ്‍സണ്‍ ,കൊടകര മാധവൻ എന്നീ പ്രതിഭകളുടെ ഹിറ്റ് ഗാനങ്ങൾ ചേർത്തൊരുക്കിയ സംഗീതസന്ധ്യ ശ്രദ്ധേയമായി. പിന്നണി ഗായകരായ ലതിക , കബീർ ,നൈസി , ഹരികൃഷണ , ഷാജു മംഗളൻ ,ശ്രുതിനാഥ് എന്നിവർ ഗാനസന്ധ്യക്കു നേതൃത്വം നൽകി. ഗുരുവന്ദനം ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർക്കും, ലതികക്കും ജയരാജ് വാര്യർ ആദരവ് അർപ്പിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള