റിയാദ് ഇന്ത്യൻ മീഡിയ ഫോറം കുടുംബ സംഗമം
Monday, October 23, 2017 10:14 AM IST
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയഫോറം (റിംഫ്) കുടുംബ സംഗമം നടത്തി. ബത്ഹയിലെ ഷിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ഒരുകാലത്തു സ്വാതന്ത്ര്യ സമരങ്ങളോടും ദേശീയ പ്രസ്ഥാനങ്ങളോടും നവോഥാന മൂല്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം നിലനിന്ന മാധ്യമങ്ങൾക്ക് ഇന്ന് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം മാധ്യമപ്രവർത്തകർ സ്വയം ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്‍റെ കണ്ണുകെട്ടാനായി കോർപറേറ്റുകൾ മാധ്യമസ്ഥാപനങ്ങൾക്ക് തന്നെ വിലയിട്ടുകൊണ്ടിരിക്കുന്നു. പഴയകാല പത്രപ്രവർത്തനത്തിൽ നിന്ന് വല്ലാതെ മാറിയ ഇക്കാലത്ത്, സംഘർഷത്തിന്േ‍റയും അസഹിഷ്ണുതയുടെയും ഭീതിയുടെയും സമയത്ത് കൂടുതൽ ഉത്തരവാദിത്വത്തോടെ, ന·യുടെ പ്രകാശം പരത്താൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും ജോസഫ് കൂട്ടിച്ചേർത്തു.

പ്രസിഡന്‍റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗത പ്രസംഗം നടത്തി. ഫോറത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് ചീഫ് കോഓർഡിനേറ്റർ റഷീദ് ഖാസ്മി അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് അക്ബർ വേങ്ങാട്ട്, സെക്രട്ടറി ഗഫൂർ മാവൂർ, ഇവന്‍റ് കണ്‍വീനർ ബഷീർ പാങ്ങോട്, രക്ഷാധികാരി സമിതിയംഗം നാസർ കാരന്തൂർ, ജെ.ടി.പി പ്രതിനിധി മൈമൂന അബാസ് എന്നിവർ സംസാരിച്ചു. മുൻ ഭാരവാഹികളായ നാസർ കാരന്തൂർ, വി.ജെ നസ്റുദ്ദീൻ, റഷീദ് ഖാസ്മി, ഷംനാദ് കരുനാഗപ്പള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉബൈദ് എടവണ്ണ, സുലൈമാൻ ഈരകം, നൗഷാദ് കോർമത്ത്, ഷക്കീബ് കൊളക്കാടൻ എന്നിവർ ഇവർക്ക് ഓർമ ഫലകങ്ങൾ കൈമാറി. ട്രഷറർ കെ.സി.എം അബ്ദുള്ള പ്രസംഗിച്ചു.

തുടർന്ന് ഷക്കീബ് കൊളക്കാടൻ നയിച്ച ക്വിസ് മത്സരവും റഷീദ് ഖാസ്മിയുടെ നേതൃത്വത്തിൽ സ്പോട്ട് ഗെയിംസും നടന്നു. നവാസ് ഖാൻ പത്തനാപുരം, സലിം പള്ളിയിൽ, ഷംനാദ്, സൈഫ് കൂട്ടുങ്കൽ, ഫരീദ് ജാസ്, റസിയ സലിം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ