അൽ ഖൊസാമ ഇന്‍റർനാഷണൽ സ്കൂളും ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂളും വിജയം പങ്കുവച്ചു
Monday, October 23, 2017 12:45 PM IST
ദമാം: അൽ ഖൊസാമ സ്കൂൾ ഭാരവാഹികൾ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യയിലെ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ആറാമത് ഐക്യരാഷ്ട്രസഭാ മാതൃകാ സമ്മേളനത്തിന് ദമാം ക്രിസ്റ്റൽ പാലസിൽ വേദിയൊരുക്കി.

ഏപ്രിൽ 29 ന് ജിദ്ദ, ദമാം, റിയാദ് പ്രവിശ്യകളിലെ വിവിധ സ്കൂളുകളെ അണിനിരത്തി നടത്തിയ പ്രവിശ്യാതല മത്സരത്തിൽ വിജയികളായ സ്കൂളുകളാണ് ഒക്ടോബർ 21 ന് നടന്ന ഫൈനലിൽ മാറ്റുരയ്ക്കാനെത്തിയത്. വിദ്യാർഥികളിൽ നേതൃത്വപാടവം പൗരബോധം, നയതന്ത്രജ്ഞത, കർമകുശലത, ഐക്യബോധം എന്നിവ വളർത്തി വരും തലമുറയെ വിശ്വപൗരൻമാരാക്കി മാറ്റുവാനാണ് സ്കൂൾ അധികൃതർ പരിശ്രമിക്കുന്നത്.

നല്ലൊരു നാളേയ്ക്കായി നമുക്കൊരുമിക്കാം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജനറൽ അസംബ്ലിയിലും സെക്യൂരിറ്റി കൗണ്‍സിലിലുമായി നടന്ന ചർച്ചയിൽ പങ്കെടുത്തവരെ അൽ ഖൊസാമ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ മുരളീധർ സ്വാഗതം ചെയ്തു. പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് യൂണിവേഴ്സിറ്റിയിലെ എൻവയോണ്‍മെന്‍റൽ ഡിസൈൻ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസറായ ജെനീൻ ഗ്രാന്ഥാം മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഗ്രൂപ്പ് മാനേജർ റാസി ഷേക്ക് പരീദ്, ഹെഡ്മാസ്റ്റർ നിയാസ്, ജിദ്ദ ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ പീറ്റർ, ബുഷ്റ എന്നിവരും പങ്കെടുത്തു. ടോസ്റ്റ് മാസ്റ്റർമാരായ സയ്ദ് ഫായ്സുള്ള, ഒമർ ഫാറൂഖ് മാലിക്ക്, മിനൂരി വിജയസേഖര എന്നിവർ വിധികർത്താക്കളായിരുന്നു.
പ്രോഗ്രാം കോർഡിനേററർ വേണുഗോപാൽ ജനറൽ അസംബ്ലിയുടെയും സെക്യൂരിറ്റി കൗണ്‍സിലിന്‍റെയും സമ്മേളനത്തിന്‍റെ നടപടി ക്രമങ്ങളെ കുറിച്ചും വിശദീകരിച്ചു.

എട്ടു രാജ്യങ്ങളെ പ്രതിനിധീകരിച്ച് സുസ്ഥിരമായ വികസനത്തിനായി 2030 ലെ കാര്യപരിപാടികളുമായി ദേശീയ പദ്ധതികൾ സമന്വയിപ്പിക്കുക എന്ന വിഷയത്തിൽ ജനറൽ അസംബ്ലിയിലും വിവരസാങ്കേതിക വിദ്യയുടെ സുരക്ഷയും അതുയർത്തുന്ന ഭീഷണിയും എന്ന വിഷയത്തിൽ സെക്യൂരിറ്റി കൗണ്‍സിലിലുമായി നടന്ന വിദ്യാർഥികളുടെ പോരാട്ടത്തിൽ ജോർജിയ, കുവൈററ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച അൽ ഖൊസാമ ഇന്‍റർ നാഷണൽ സ്കൂളും (ആണ്‍കുട്ടികളുടെ വിഭാഗം) ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. പോളണ്ട്, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച അൽ ഖൊസാമ ഇന്‍റർ നാഷണൽ സ്കൂളും (പെണ്‍കുട്ടികളുടെ വിഭാഗം) അൽ യാസ്മിൻ ഇന്‍റർനാഷണൽ സ്കൂൾ റിയാദും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ വെനിസ്വേലയെ പ്രതിനിധീകരിച്ച ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂളിലെ പെണ്‍കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

റൂഹി ഷിറോസ് , അസ്മ വഹീദ് ഖാൻ, അബ്റാറുദ്ദീൻ എന്നിവർ ജനറൽ അസംബ്ലിയിലും ഡാനിഷ് ഖാൻ, അന്ന എലിൻ തോമസ്, മരിയ നവിൻ എന്നിവർ സെക്യൂരിറ്റി കൗണ്‍സിലിലും സഭാധ്യക്ഷൻ, ഡയറക്ടർ, റാേംാർച്യർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മൃണാളിനി വിജയ്ശങ്കർ (അൽ ഖൊസാമ ഇന്‍റർനാഷണൽ സ്കൂൾ), ഷഹീർ അൻസാരി ( ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ) ഒന്നാം സ്ഥാനവും ഷൈൻ സുരേശ്രൻ(അൽ ഖൊസാമ ഇന്‍റർനാഷണൽ), മുഹമ്മദ് ഒമർ (അൽ യാസ്മിൻ ഇന്‍റർനാഷണൽ സ്കൂൾ) എന്നിവർ രണ്ടാം സ്ഥാനവും അബ്ദുള്ള ഹുസൈനി (ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ), തനുഷ് (അൽ ഖൊസാമ ഇന്‍റർനാഷണൽ സ്കൂൾ) എന്നിവർ മൂന്നാം സ്ഥാനം നേടി. ജനറൽ അസംബ്ലിയിലേയും സെക്യൂരിറ്റി കൗണ്‍സിലിലേയും മികച്ച പ്രാസംഗികരായി അശ്വതി സതീഷ്, ഷഹീർ അൻസാരി എന്നിവർ ഒന്നാം സ്ഥാനവും ഷൈൻ സുരേശ്രൻ,തനുഷ് എന്നിവർ രണ്ടാം സ്ഥാനവും അബ്ദുള്ള മുഹമ്മദ്, അബ്ദുള്ള ഹുസൈനി, ഷിയ ബിൻത് സിയാസ് എന്നിവർ മൂന്നാം സ്ഥാനവും നേടി ജനറൽ അസംബ്ലിയിലേയും സെക്യൂരിറ്റി കൗണ്‍സിലിലേയും മികച്ച രാഷ്ട്ര പ്രതിനിധികളായി.

സമ്മേളനം തങ്ങൾക്ക് പുതിയ ഒരനുഭവമാണ് പകർന്നു തന്നതെന്ന് വിധികർത്താക്കൾ അഭിപ്രയപ്പെട്ടു. മുഖ്യാതിഥിയും സ്കൂൾ അധികൃതരും ചേർന്ന് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹൈഫ അഷ്റഫ്, അബ്ദുറഹ്മാൻ ഖുറൈഷി എന്നിവർ അവതരകരായ ചടങ്ങിൽ സ്കൂൾ വൈസ് ഹെഡ് ബോയ് അമ്മാർ ഖാൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം