ഭൂചലനം: ഭയപ്പെടാനില്ലെന്നു അധികൃതർ
Monday, November 13, 2017 3:25 AM IST
കുവൈത്ത് സിറ്റി : മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ തുടർച്ചയായി കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്നു നാൽപ്പതോളം ഫോണ്‍ കോളുകൾ സ്വീകരിച്ചതായും ഭൂമികുലുക്കത്തിൽ രാജ്യത്ത് അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.

റിക്ടർ സ്കയിലിൽ നാലു മുതൽ അഞ്ച് വരെ രേഖപ്പെടുത്തിയതായി കുവൈത്ത് ദേശീയ ഭൂകുന്പ കേന്ദ്രം അറിയിച്ചു. ഇറാക്കിലെ ബാഗ്ദാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള സുലൈമാനിയയാണ് പ്രഭവ കേന്ദ്രം. കുവൈത്തിലെ പ്രാദേശിക സമയം 9:20 നാണ് വിവധ ഗവർണ്ണറേറ്റുകളിൽ ഭൂചലനം അനുഭവപ്പെട്ടത്. വീടുകളിലും ഫ്ലാറ്റുകളിലും താമസിച്ചിരുന്നവർ പെട്ടന്നുള്ള കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്നു ഭയന്നിറങ്ങി. പരിഭ്രാന്തരായ ജനങ്ങൾ മണിക്കൂറുകളാണ് പുറത്ത് ഇറങ്ങി നിന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ