വാറ്റിനെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി
Monday, November 20, 2017 10:14 AM IST
ജിദ്ദ: സൗദി അറേബ്യയിൽ പുതുവർഷത്തോടെ ആരംഭിക്കുന്ന വാറ്റ് നികുതിയെ കുറിച്ച ബോധവത്കരണ ക്ലാസ് നടത്തി. യൂണിറ്റി സെന്‍റർ സംഘടിപ്പിച്ച ക്ലാസിൽ പ്രമുഖ ട്രെയിനർ അമീർ ഷാ പാണ്ടിക്കാട് വിഷയമവതരിപ്പിച്ചു.

പെട്രോൾ ഇനത്തിലുള്ള വരുമാനം കുറഞ്ഞ് വരുകയും ചെലവുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സുഭദ്രവും ക്രയാത്മകവുമായ ഭരണകൂടം ഉണ്ടാവാനാണ് വാറ്റ് നികുതി നടപ്പാക്കുന്നതെന്ന് അമീർഷാ അഭിപ്രായപ്പെട്ടു. ജിസിസി രാഷ്ട്രങ്ങളുടെ കരാറിന്‍റെ ഭാഗം കൂടിയാണ് വാറ്റ് നികുതി നടപ്പാക്കൽ. പ്രതിമാസം 1027 സൗദി റിയാൽ കച്ചവടം നടക്കുന്ന സ്ഥാപനങ്ങൾ വാറ്റ് നികുതി അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. അഞ്ച് ശതമാനമാണ് ഇപ്പോൾ സൗദിയിൽ വാറ്റ് നികുതി നിശ്ചയിച്ചിട്ടുള്ളത്.

ഉപയോഗിക്കുന്നതും ഇടപാട് നടത്തുന്നതുമായ എല്ലാ കാര്യങ്ങൾക്കും വാറ്റ് നികുതി ബാധകമായിരിക്കും. സർക്കാർ നൽകുന്ന ആരോഗ്യ വിദ്യഭ്യാസ ഗതാഗത സേവനങ്ങളെ നികുതിയിൽ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് വാറ്റ് നികുതി ബാധകമായിരിക്കും. സാധനം തിരിച്ച് നൽകുകയാണെങ്കിൽ 120 ദിവസത്തിനുള്ളിൽ വാറ്റ് സംബന്ധമായ അവകാശങ്ങൾ ശരിപ്പെടുത്തേണ്ടതാണ്. വാറ്റ് നടപ്പാക്കുന്നതോടെ രാജ്യത്ത് പുരോഗതിയുടെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുമെന്നും അമീർ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

ഇബ്രാഹിം ശംനാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നിർവഹിച്ചു. സി.കെ.മൊറയൂർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ