ആരോഗ്യകരമായ സംവാദം സംസ്കാരത്തിന്‍റെ അടയാളം
Tuesday, November 21, 2017 6:29 AM IST
ദോഹ: വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളുമൊക്കെ തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾ നിലനിൽക്കുകയെന്നത് സംസ്കാരത്തിന്‍റെ അടയാളമാണെന്നും സാംസ്കാരികമായി ഉയരും തോറും സംവാദങ്ങളുടെ വ്യാപ്തി വർധിക്കുമെന്നും മീഡിയ പ്ളസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര അഭിപ്രായപ്പെട്ടു. ലോക ഹലോ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘർഷങ്ങളും സംഘട്ടനങ്ങളുമൊന്നും സാംസ്കാരിക ലോകത്ത് പ്രസക്തമല്ല. പരസ്പരം തിരിച്ചറിയുവാനും ഉൗഷ്മളമായ സംവാദങ്ങളിലൂടെ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനുമുള്ള പ്രബുദ്ധതയാണ് നമുക്കാവശ്യം. വിദ്യാഭ്യാസവും സംസ്കാരവും ആധുനിക മനുഷ്യനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുകയാണ്. തുറന്ന മനസോടെ വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കുവാനും എല്ലാവരോടും ഹലോ പറയുവാനും ആഹ്വാനം ചെയ്യുന്ന ലോക ഹലോ ദിന സന്ദേശം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സാന്പത്തിക സുസ്ഥിതിയും സൗകര്യങ്ങളും മനുഷ്യനെ സ്വർഥതയുടെ തുരുത്തുകളിലേക്ക് നയിക്കുന്പോൾ സാമൂഹിക ബോധവും സ്നേഹവും പ്രകടിപ്പിക്കാനുള്ള ആഹ്വാനമാണ് ഹലോ ദിനം നൽകുന്നത്. സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളേ വ്യക്തികളും സമൂഹങ്ങളുമൊക്കെ തമ്മിൽ ഉണ്ടാവുകയുള്ളൂ. അവയൊക്കെ സമാധാനാന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന സംവാദങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ഈ ദിനം ഓർമപ്പെടുത്തുന്നത്.

മനുഷ്യ ഹൃദയത്തിൽ സമാധാനം ഉണ്ടാവുന്നത് സ്വാർഥതയ്ക്കും ഭയത്തിനും പകരം പ്രതീക്ഷയും കാരുണ്യവും നിറയുന്പോഴാണ്. നമ്മൾ സൗഹൃദം ഉണ്ടാക്കുന്പോൾ അത് വീട്ടിലും സമൂഹത്തിലും രാജ്യത്തിലും ലോകത്തിന് ആകമാനവും ഒരു സന്ദേശമായി മാറുന്നു. അതുകൊണ്ട് ഈ നവംബർ 21 ന് എല്ലാവരോടും ഹലോ പറയാൻ എനിക്ക് അതിയായ താത്പര്യമുണ്ട് എന്നാണ് 1988 ലെ ഹലോ ദിനത്തിൽ അമേരിക്കൻ പ്രസിഡന്‍റായിരുന്ന റൊണാൾഡ് റീഗൻ നൽകിയ സന്ദേശം.

മുഹമ്മദ് റഫീഖ് തങ്കയത്തിൽ, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, ശരണ്‍ സുകു, ഖാജാ ഹുസൈൻ, ഫൈസൽ കരീം, സുനീർ, ഹിഷാം, ജസീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.