യുഎഫ്സി ഫുട്ബോൾമേള: യുണൈറ്റഡ് എഫ്സിയും ഖാലിദിയയും ഫൈനലിൽ
Tuesday, November 21, 2017 9:15 AM IST
ദമാം: അൽകോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്‍റെ ഒന്പതാം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറൽ ഫുട്ബോൾ മേളയുടെ കലാശപോരാട്ടത്തിൽ ആതിഥേയരായ യുണൈറ്റഡ് എഫ്സിയും ഫൗസി ഖാലിദിയയും തമ്മിൽ ഏറ്റുമുട്ടും. നവംബർ 24 ന് (വെള്ളി) ഖാദിസിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനാണ് മത്സരങ്ങൾ.

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ മൽസരങ്ങളിൽ ഇഎംഎഫ് റാക്കയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് എഫ്സി ഫൈനലിലെത്തിയത്. എഫ്എസ്എൻ ട്രാവൽസ് എംയുഎഫ്സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഖാലിദിയ ഫൈനലിൽ കടന്നത്.

കരുത്തരായ ബദർ എഫ്സിയേയും യൂത്ത് ക്ലബിനേയും പരാജയപ്പെടുത്തി സെമിയിലെത്തിയ ഇഎംഎഫ് റാക്ക മറ്റൊരു അട്ടിമറി സ്വപ്നം കണ്ട് മൈതാനത്തിറങ്ങിയെങ്കിലും താരനിബിഡമായ യുഎഫ്സി ആദ്യ വിസിൽ മുഴങ്ങിയതു മുതൽ അക്രമണംഅഴിച്ച് വിട്ട് നയം വ്യക്തമാക്കിയിരുന്നു. നിരന്തരാക്രമണത്തിന്‍റെ ഫലമായി എട്ടാം മിനുട്ടിൽ റഷീദ് വാഴക്കാടിന്‍റെ ഇടംകാൽ ഷോട്ട് ഗോൾ കീപ്പറെ നിസഹയനാക്കി വലയിലാക്കി. മിനുട്ടുകൾക്കകം നിസാർ എടത്തനാട്ടുകര മറ്റൊരു ഗോൾ കൂടി നേടി യുഎഫ്സിയുടെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ തുടരെ മൂന്ന് ഗോൾ നേടി യുഎഫ്സി എതിർ ടീമിന്‍റെ മുഴുവൻ പ്രതീക്ഷയും കാറ്റിൽ പറത്തി. കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കേ നസീറിലൂടെ ഇഎംഎഫ്. റാക്ക അശ്വാസ ഗോൾ നേടി ടൂർണമെന്‍റിൽ നിന്നും പുറത്തായി (സ്കോർ:5-1).

ആവേശകരമായ രണ്ടാം സെമിയിൽ തുല്യ ശക്തികളുടെ പോരാട്ടം പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞ് നിന്നു. രണ്ടാം പകുതിയിൽ സൂപ്പർ താരം മനാഫ് വയനാടിന്‍റെ മികച്ച ഫ്രീ കിക്ക് ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വല കിലുക്കി ഖാലിദിയ മൽസരത്തിൽ പിടി മുറക്കി. കോർണർ കിക്ക് ക്ലിയർ ചെയ്യാൻ പിഴച്ച പ്രതിരോധ നിരക്കാരന്‍റെ സെൽഫ് ഗോൾ എംയുഎഫ്സിക്ക് സമനില നൽകി. ഏറെ വൈകാതെ മനാഫിന്‍റെ മികവിന് മൈതാനം വീണ്ടും സാക്ഷിയായി. ടൂർണമെന്‍റ് കണ്ട ഏറ്റവും സുന്ദരമായ ഗോളിലൂടെ ആബിദ് എംയുഎഫ്സിക്ക് വീണ്ടും സമനില നൽകിയെങ്കിലും വീണ്ടും ഖാലിദിയക്ക് വേണ്ടി മനാഫും ജഗീഷും നൽകിയ മൂന്ന് ഗോളിലൂടെ എംയുഎഫ്സിയുടെ ആദ്യ ഫൈനൽ എന്ന സ്വപ്നം സഫലമായില്ല (സ്കോർ: 5-2).

കളിയിലെ കേമ·ാരായി റഷീദ് (യുണൈറ്റഡ് എഫ്സി), മനാഫ് വയനാട് (ഖാലിദിയ) എന്നിവരെ തെരഞ്ഞെടുത്തു. ടി.പി.എം. ഫസൽ, വിൽഫ്രഡ് ആൻഡ്രൂസ്, ഹമീദ് ചാലിൽ, ഖിദർ മുഹമ്മദ്, ഫിറോസ് കൊഴിക്കോട്, ഷാജഹാൻ, റഷീദ് രണ്ടാത്താണി, സമദ് വെളയകോട്, സക്കീർ വള്ളക്കടവ്, റിയാസ് പറളി, മൻസൂർ മങ്കട, സഫീർ മണലൊടി, നിയാസ്, ഷാജി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെടുകയും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. ഷിയാസ് കോട്ടയം, ഷംസീർ ആനക്കര, റിഫാദ് കോഴിക്കോട്, ബാസിത് കൊല്ലം എന്നിവർ നേതൃത്വം നൽകി.

വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനൽ മൽസരത്തിന് മുൻപായി ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ വെറ്ററൻസ് ടീമും റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ടീമും തമ്മിലുള്ള പ്രദർശന മൽസരവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കലാശപ്പോരാട്ടത്തിലെ വിജയികൾക്ക് യുഎസ്ജി ബോറൽ ട്രോഫിയും റണ്ണേസിന് റയ്ബാൻ ട്രാവൽ ആന്‍റ് ലിങ്ക്സ് ട്രോഫിയും അൽ കർസഫ് ഷിപ്പിംഗ് കന്പനി നൽകുന്ന പ്രൈസ് മണിയും സമ്മാനിക്കും.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം