കുവൈത്തിൽ ആരോഗ്യ ഇൻഷ്വറൻസ് വർധനവ് 2020 മുതൽ
Wednesday, November 22, 2017 1:41 PM IST
കുവൈത്ത് സിറ്റി: വിദേശികൾക്കുള്ള വാർഷിക ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം വർധനവ് ഉടൻ ഉണ്ടാകില്ലെന്ന് ആരോഗ്യ ഇൻഷ്വറൻസ് കന്പനി മേധാവി ഡോ. അഹമ്മദ് അൽ സാലേ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ച വ്യാജ പ്രചാരണങ്ങളെ തുടർന്നാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

താമസരേഖ പുതുക്കുന്നതിന്‍റെ ഭാഗമായി ഓരോ വിദേശ തൊഴിലാളിയും വാർഷിക ഹെൽത്ത് ഇൻഷ്വറൻസ് തുകയായി 50 ദിനാറും ആശ്രിത വീസയിലുള്ളവർക്ക് 40 ദിനാറും കുട്ടികൾക്ക് 30 ദിനാറുമാണ് നൽകിവരുന്നത്. രാജ്യത്തെ അഞ്ച് ഗവർണറേറ്റുകളിൽ വിദേശികളുടെ ചികിത്സാ സൗകര്യത്തിനായി ആശുപത്രി നിർമാണം ആരംഭിച്ചിരിക്കുകയാണ്.

നിർദിഷ്ട ഇൻഷ്വറൻസ് ആശുപത്രികൾ പ്രവർത്തനസജ്ജമാകുന്നതോടുകൂടി മാത്രമേ പ്രീമിയം വർധനവ് നടപ്പിലാക്കുകയുള്ളൂവെന്ന് ഡോ. അഹമ്മദ് അൽ സാലേ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ രണ്ട് ക്ലിനിക്കുകൾ ഫർവാനിയയിലും ദജീജിലും പ്രവർത്തനമാരംഭിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിദേശികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും തുറന്നു കൊടുക്കുവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതിനുശേഷം മാത്രമേ പ്രീമിയം 130 ദിനാറായി വർധിപ്പിക്കുകയുള്ളൂവെന്ന് ആരോഗ്യ ഇൻഷ്വറൻസ് കന്പനി അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ