മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യ വിരുദ്ധം : ഉമ്മൻചാണ്ടി
Friday, November 24, 2017 12:05 PM IST
അബാസിയ (കുവൈത്ത്): മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അബാസിയയിൽ മാധ്യമ പ്രവർത്തകരോട് സംസാസിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾക്ക് ഹിതകരമായത് മാത്രം കേൾക്കുന്നതിനു പകരം മറുഭാഗം കൂടി കേൾക്കുവാനുള്ള സ·നസ് സർക്കാരിന് ഉണ്ടാകണം. അസാധാരണമായ നടപടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് വളപ്പിൽ സംഭവിച്ചത്.

രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശത്തെയാണ് ഇത്തരം ജനാധിപത്യധ്വംസനത്തിലൂടെ സർക്കാരുകൾ ഹനിക്കുന്നത്. ഏകാധിപതിയായി മർക്കടമുഷ്ടിയോടെ കാര്യങ്ങളെ സമീപിക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയ രാഷ്ട്രീയത്തിൽ കൃത്യമായ രീതിയിൽ പ്രതിപക്ഷമെന്ന രീതിയിൽ യുഡിഎഫ് ഇടപെടുന്നുണ്ട്. ഭരണത്തിലിരിക്കുന്നവർ തന്നെ ഹർത്താലുകൾ നടത്തുന്ന നമ്മുടെ നാട്ടിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതിയിലേക്ക് യുഡിഎഫ് ഒരുകാലത്തും പോയിട്ടില്ല. അക്രമ സമരങ്ങൾ നടത്തി പൊതുമുതൽ നശിപ്പിക്കുന്ന എൽഡിഎഫ് രീതിയല്ല യുഡിഎഫിന്േ‍റത്. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജാഥയിൽ വൻ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്. സോളാർ കേസ് നിയമപരമായി നേരിടാനാണ് തീരുമാനം. മുപ്പതിലധികം ക്രിമിനൽ കേസിൽ പ്രതിയായ എത്രയോതവണ മൊഴിമാറ്റിപറഞ്ഞ് വിശ്വാസ്യത നഷ്ടപ്പെടുത്തിയ ഒരാളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. കേസിൽ അന്തിമ വിജയം ഉറപ്പാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമാനങ്ങൾ ഏറ്റെടുക്കാത്തത്. പാർട്ടിയുടെ അറിവോടെയാണ് താത്കാലികമായി മാറി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ വക്താവും നടിയുമായ ഖുശ്ബു, ഒഐസിസി കുവൈത്ത് പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര, അഡ്വ. ഫിൽസണ്‍ മാത്യു എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ