"മതവിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ട പൗരാവകാശം'
Monday, December 4, 2017 12:02 PM IST
ഖുർതുബ: ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൗരാവകാശവും മനുഷ്യാവകാശവുമാണെന്നും അത് സംരക്ഷിക്കാൻ പൊതുസമൂഹം ഒന്നിച്ചു നിൽക്കണമെന്നും വിസ്ഡം ഇസ്ലാമിക് മിഷൻ ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള ഇസ്ലാഹി സെന്‍റർ സംഘടിപ്പിച്ച ആറാമത് ഇസ്ലാമിക് സ്റ്റുഡന്‍റ്സ് കോണ്‍ഫറൻസിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്‍റെ പേര് ദുരുപയോഗം ചെയ്യുന്ന ഭീകരസംഘങ്ങളെ ചൂണ്ടിക്കാട്ടി ഇസ്ലാമിനെയും മുസ്ലിംകളെയും അപരവൽക്കരിക്കുന്ന മാധ്യമ സമീപനം അപലപനീയമാണ്. ഇതുവഴി സമൂഹത്തിലുണ്ടായിട്ടുള്ള പ്രതിലോമപരമായ പൊതുബോധത്തെ ശരിയായ ആശയ സംവേദനം നടത്തിയും ഇസ്ലാമിന്‍റെ സാമൂഹികമൂല്യങ്ങൾ ജീവിതത്തിൽ പകർത്തിയുമാണ് മുസ്ലിംകൾ അഭിമുഖീകരിക്കേണ്ടതെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.

മനുഷ്യജീവിതത്തിലെ സകല പ്രതിസന്ധികളുടെയും ശരിയായ പരിഹാരം മനുഷ്യരുടെ സ്രഷ്ടാവിൽ നിന്നുള്ള മാർഗദർശനത്തിലാണ് കണ്ടെത്താനാവുകയെന്ന് മടങ്ങുക സ്രഷ്ടാവിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അബ്ദുറഷീദ് കുട്ടന്പൂർ പറഞ്ഞു. ഉച്ചക്കുശേഷം നടന്ന രക്ഷാകർതൃ സംഗമത്തിൽ ഇഫക്ടീവ് പേരന്‍റിംഗ് എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു.

ഇസ്ലാമികകാര്യ ഒൗഖാഫ് മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഷേയ്ക് ഖാലിദ് യൂസുഫ് ബൂ ഗൈസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ജംഇയ്യത്ത് ഇഹ് യാഉ തുറാസിൽ ഇസ് ലാമി ചെയർമാൻ ഷേയ്ക് താരിഖ് സാമി സുൽത്താൻ അൽഈസ പ്രസംഗിച്ചു.

നേർപഥം വാരികയുടെ പ്രചാരണമാസ കാന്പയിൻ ജാലിയാത്ത് വിഭാഗം പ്രതിനിധി മുഹമ്മദ് അലി ഉൽഘാടനം ചെയ്തു. ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് പി.എൻ. അബ്ദുൾലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.

അഞ്ച് ഇസ്ലാഹി മദ്രസകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും പരീക്ഷാ വിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു. വിസ്ഡം ബുക്സും ഇസ്ലാഹി സെന്‍ററും പുറത്തിറക്കിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. സക്കീർ കെ.എ, സി.പി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശരീഫ് (കെഐജി), അസീസ് വലിയകത്ത് (കെ എംസിസി), സാദിഖ് അലി (എംഇഎസ്) എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ