ജറൂസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമാക്കിയ നടപടി അപലപനീയം: റിയാദ് ക്രിയേറ്റിവ് ഫോറം
Sunday, December 31, 2017 5:30 AM IST
റിയാദ്: ലോകത്തെ ഇസ്ലാം ക്രൈസ്തവ യഹൂദ വിഭാഗങ്ങൾ ഒരു പോലെ ആദരിക്കുന്ന ജറൂസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച ഡൊണാൾഡ് ട്രംപിന്‍റെ നടപടി അപലപനീയവും മേഖലയിൽ അസമാധാനവും അശാന്തിയും വളർത്തുന്നതുമാണെന്നു റിയാദ് ക്രിയേറ്റിവ് ഫോറം സംഘടിപ്പിച്ച ജറൂസലേം: നാം ഫലസ്തീൻ ജനതയോടൊപ്പം സെമിനാർ അഭിപ്രായപ്പെട്ടു.

ബ്രിട്ടന്‍റെ സാമ്രാജ്യത്വമോഹങ്ങളാണ് ആധുനിക കാലത്തെ അധിനിവേശങ്ങൾക്കും ഫലസ്ത്വീൻ ജനതയുടെ മുഴുവൻ ദൈന്യതകൾക്കും കാരണമെന്നും ഐക്യരാഷ്ട്രസഭയും ഫലസ്തീനിനു ചുറ്റുമുള്ള അറബ് മുസ്ലിം രാജ്യങ്ങളും ഇസ്രയേലിനേയും അവരെ പിന്തുണയ്ക്കുന്ന ശക്തികൾക്കെതിരെയും രംഗത്ത് വരണമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത റിയാദ് മതേതര ജനാധിപത്യ കൂട്ടായ്മ പ്രസിഡന്‍റ് അഡ്വ. ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് ഇംഗ്ളീഷുകാർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണോ അത്രമാത്രം പ്രിയപ്പെട്ടതാണ് ഫലസ്ത്വീൻ ജനതക്ക് അവരുടെ മണ്ണുമെന്ന മഹാത്മജിയുടെ പ്രഖ്യാപനത്തെ മുൻനിർത്തി ഫലസ്ത്വീൻ ജനതയ്ക്ക് അവരുടെ മണ്ണിനെ പൂർണമായും വിട്ടുകൊടുക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ പരിഹാരം സാധിക്കൂവെന്ന് കഐംസിസി നേതാവ് സത്താർ താമരത്ത് പറഞ്ഞു.

ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത പീഡനങ്ങളാണ് നടക്കുന്നതെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഫലസ്ത്വീൻ ജനതയും അനുഭവിക്കുന്ന പീഡനങ്ങൾക്ക് സമാനതകളുണ്ടെന്നും ഒഐ സിസി പ്രതിനിധി റോയ് വയനാട് പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ സജീവമായ ഇടപെടലുകളിലൂടെ മാത്രമേ അമേരിക്കയുടെ നിലപാടുകളിൽ നിന്നും ഫലസ്ത്വീൻ ജനതയെ രക്ഷിക്കാൻ സാധിക്കൂവെന്ന് ആവാസ് പ്രതിനിധി പി. സി. ശരീഫ് അഭിപ്രായപ്പെട്ടു. മനുഷ്യരെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാനുള്ള സാമ്രാജ്യത്വ കുതന്ത്രങ്ങളെ തോൽപ്പിച്ച് മത വർഗ വർണ വ്യത്യാസങ്ങൾക്കതീതമായി മാനവികതയെ സംരക്ഷിക്കുവാനുള്ള നടപടികളാണ് വർത്തമാനകാലത്തിനു ആവശ്യമെന്നു റിയാദ് ഇസ്ലാഹി സെന്േ‍റഴ്സ് കോഡിനേഷൻ കമ്മറ്റി പ്രതിനിധി നബീൽ പയ്യോളി പറഞ്ഞു.