യുടിഎസ്സി സോക്കർ ഫെസ്റ്റിവൽ
Thursday, January 18, 2018 12:30 AM IST
ജിദ്ദ: യുടിഎസ്സി (യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് സോക്കർ ഫെസ്റ്റിവൽ ജനുവരി 11 , 12 , 25, 26 തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ (അൽ സലാം മാളിനു മുൻവശം) നടക്കും.

ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ടീമുകളെ രണ്ട് പൂളുകളായി തരം തിരിച്ചു ആറ് ലീഗ് മത്സരങ്ങൾ നടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്‍റ് നേടുന്ന രണ്ട് ടീമുകൾ ജനുവരി 26 ന് രാത്രി 10ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ജിദ്ദ സ്പോർട്സ് ക്ലബ്, ഐടിഎൽ, കാറ്റലോണിയ എഫ്സി, സോക്കർ ഗയ്സ്, ഇഎഫ്എസ്, പേസ് എഫ്സി എന്നീ ആറ് ഫുട്ബോൾ ക്ലബുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. അണ്ടർ 13 വിഭാഗത്തിൽ ഫുട്ബോൾ പരിശീലന ക്ലബുകളായ ജഐസ്സി, സോക്കർ ഫ്രീക്സ്, മലർവാടി സ്ട്രൈക്കേഴ്സ്, ടാലന്‍റ് ടീൻസ് ടീമുകളും ലീഗ് റൗണ്ടിൽ മാറ്റുരക്കും.

ഹാസ്കോ, അൽ കബീർ ഫുഡ്സ്, ക്ലിയർ വിഷൻ എന്നിവരാണ് ടൂർണമെന്‍റിന്‍റെ മുഖ്യ പ്രായോജകർ.

സീസണ്‍സ് റസ്റ്ററന്‍റിൽ നടന്ന ടൂർണമെന്‍റ് പ്രചാരണ പരിപാടിയിൽ മുൻ പ്രസിഡന്‍റും സിഫ് രക്ഷാധികാരിയുമായ ഹിഫ്സുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീം ക്യാപ്റ്റ·ാരും മാനേജർമാരും യുടിഎസ്സി പ്രതിനിധികളും സിഫ് വൈസ് പ്രസിഡന്‍റ് നിസാം മന്പാട്, ഹാസ്കോ പ്രതിനിധി സിക്കന്തർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പ്രസിഡന്‍റ് ഹിശാം മാഹിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ അബ്ദുൽ കാദർ മോച്ചേരി സ്വാഗതവും ടൂർണമെന്‍റ് നിയമാവലിയെ കുറിച്ച് സെക്രട്ടറി അഷ്ഫാഖും ടെക്നിക്കൽ ഹെഡ് സഹീർ പി.ആറും വിശദീകരിച്ചു. സലിം പി.ആർ ടീമുകളെ പരിചയപ്പെടുത്തി. ചീഫ് കോഓർഡിനേറ്റർ ഷംസീർ ഒളിയാട്ട് നന്ദി പറഞ്ഞു. ആശിർ അമീറുദ്ദിൻ പരിപാടിയുടെ അവതാരകൻ ആയിരുന്നു.