മൂല്യ വർധിത നികുതി: സൗദിയിൽ രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി
Friday, January 19, 2018 12:06 AM IST
ദമാം: മൂല്യ വർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയ ആറായിരത്തിലേറെ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് സക്കാത് നികുതി അതോറിട്ടി നടപടികളാരംഭിച്ചു.

84,000 ഓളം സ്ഥാപനങ്ങളാണ് കഴിഞ്ഞ ഡിസംബർ 20 നു മുന്പ് വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തത്.

എന്നാൽ ആറായിരത്തിലേറെ സ്ഥാപനങ്ങൾ ഡിസംബർ 20 നു ശേഷമാണു രജിസ്റ്റർ നടപടികൾ പൂർത്തിയാക്കിയത്. ഈ സ്ഥാപനങ്ങളുടെ വാറ്റ് രജിസ്ട്രേഷൻ വൈകാനുള്ള കാരണം പ്രത്യേകം പഠിച്ചാണ് അതിനെതിരെ സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതിവർഷം പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ ഡിസംബർ 20 നു മുന്പായി നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കുറവു വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്ട്രേഷൻ നിർബന്ധമല്ല. ജനുവരി ഒന്നുമുതലാണ് സൗദിയിൽ അഞ്ചുശതമാനം മൂല്യ വർധിത നികുതി നിലവിൽ വന്നത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം