ഖുർആൻ ശാന്തിയും മനസമാധാനവും വിളിച്ചോതുന്നു: ഇന്ത്യൻ ഇസ്ലാഹി സെൻറർ
Sunday, January 21, 2018 3:14 PM IST
കുവൈത്ത് : ലോകരുടെ സ·ാർഗ ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്‍റെ ആശയങ്ങളിലേക്ക് ഇറങ്ങുന്നേരം മനസമാധാനവും ശാന്തിയും പ്രാപിക്കാനാകുമെന്നും ദൈവീക കൽപനകളെ ധിക്കരിച്ചതിന്‍റെ അനന്തര ഫലങ്ങളാണ് ഇന്നു ചില ദിക്കുകളിൽ കാണുന്ന അശാന്തിയുടെ കാരണമെന്നു ഇന്ത്യൻ ഇസ്ലാഹി സെൻറർ വെളിച്ചം വിംഗ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം സൂചിപ്പിച്ചു. സമ്മേളനം കുവൈത്ത് ചാരിറ്റി ഓർഗനൈസേഷൻ ഖുർആൻ പഠന വിഭാഗം തലവൻ ശൈഖ് ഫാലിഹ് അൽ നസ്സാർ ഉദ്ഘാടനം ചെയ്തു. ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് മുഹമ്മദ് അൽമരി, മൊയ്തുണ്ണി, അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

വെളിച്ചം പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ പി. റിസാന (അബൂഹലീഫ), പി.വി അസ്മാബി (ഫഹാഹീൽ), നസീഫ അബ്ദുൽ അസീസ് (ജലീബ്), അന്നൂർ ഓണ്‍ലൈൻ ക്വിസ്സ് മത്സരത്തിലെ കുവൈത്ത് റീജനൽ വിജയി ഷഹർബാൻ മുഹമ്മദ് ബേബി എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വെളിച്ചം പുതിയ മൊഡ്യൂളിന്‍റെ പ്രകാശനം സുരേഷ് മാത്തൂരിന് നൽകി ഇബ്രാഹിം കുട്ടി സലഫി നിർവ്വഹിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ